കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചു.
ഇരുവരെയും മൂന്നുദിവസങ്ങളിലായി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസിന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉന്നതരെക്കുറിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയെ ഇ.ഡി അറിയിച്ചത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
അതിനിടെ, ജയിലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് അവരുെട അഭിഭാഷകൻ സൂരജ് ടി. ഇലഞ്ഞിക്കൽ പറഞ്ഞു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സ്വപ്നയുടെ ഭാഗംകൂടി കേട്ടശേഷമാണ് കോടതി സുരക്ഷാ ഉത്തരവ് നൽകിയത്.
ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയത്. അല്ലാതെ ജയിൽ ഡി.ഐ.ജി പറയുംപോലെ താൻ എഴുതിക്കൊണ്ടുവന്ന പരാതിയിൽ സ്വപ്ന ഒപ്പിടുകയായിരുന്നില്ലെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.