കൊച്ചി: എടപ്പാൾ തിയറ്റർ പീഡനക്കേസുമായി ബന്ധപ്പെട്ട് വിവരം നൽകിയ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയെന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) റിപ്പോർട്ട്. നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡി.ജി.പി സർക്കാറിന് കൈമാറി.
പോക്സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നൽകണമെന്ന് പറയുന്നില്ല. ആ നിലക്ക് ഈ വകുപ്പുകൾ പ്രകാരം മുഖ്യസാക്ഷിയായ തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ പൊലീസിന് കൈമാറാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു സതീഷിെൻറ അറസ്റ്റ്.
സി.സി ടി.വി ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഡിസ്കിൽ സ്ഥലം കുറവായതിനാൽ ദൃശ്യങ്ങൾ നഷ്ടപ്പെടാൻ ഇടയാകുമെന്നും ഇതു മറ്റൊരു ഡിസ്കിലേക്ക് മാറ്റണമെന്നും സതീഷ് പറഞ്ഞതായി തിയറ്റർ മാനേജർ മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ നശിപ്പിക്കാനോ മറച്ചുവെക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഏപ്രിൽ 18നാണ് സംഭവം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല.
എന്നിട്ടും പരാതി നൽകാൻ വൈകിയെന്ന പേരിൽ അറസ്റ്റ് ചെയ്തത് തെറ്റാണ്. സതീഷ് കുറ്റകൃത്യം മറച്ചുവെക്കാൻ മനഃപൂർവം ശ്രമിച്ചോയെന്നാണ് പരിശോധിക്കേണ്ടിയിരുന്നത്. പൊലീസിെൻറ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായാൽ ഭാവിയിൽ ആളുകൾ തെളിവുനൽകാനും സാക്ഷി പറയാനും മടിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസ് നടപടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള ഇൗ റിപ്പോർട്ടും സംഭവത്തിലെ അന്വേഷണം ൈക്രംബ്രാഞ്ചിന് വിട്ടുള്ള ഉത്തരവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.