കോഴിക്കോട്: എലത്തൂരിലെ സ്ഥാനാർഥി പ്രശ്നത്തിൽ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസംവരെ നീണ്ട തർക്കവും പോർവിളികളും ജില്ലയിൽ യു.ഡി.എഫിന് നാണക്കേടായി.
മൂന്ന് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച് പാർട്ടികൾ തമ്മിൽ അത്യപൂർവമായ യുദ്ധമുഖംതുറന്നത് അണികളുടെയും മനസ്സു മടുപ്പിച്ചു.
നിജേഷ് അരവിന്ദ്, യു.വി. ദിനേശ് മണി തുടങ്ങിയ നേതാക്കളെയായിരുന്നു തുടക്കംമുതൽ കോൺഗ്രസ് പരിഗണിച്ചിരുന്നത്. ചെങ്ങോടുമല ക്വാറിക്കെതിരായ സമരത്തിൽ സജീവമായിരുന്ന നിജേഷ് അരവിന്ദിനെതിരെ ക്വാറിമാഫിയ രംഗത്തുണ്ടായിരുന്നതായ ആക്ഷേപമുയർന്നിരുന്നു.
ഏതെങ്കിലും കോൺഗ്രസ് നേതാവിനുതന്നെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവസാന നിമിഷംവരെ. എന്നാൽ, ഒരാഴ്ചമുമ്പ് കോഴിേക്കാട്ടെത്തിയ സുൽഫിക്കർ മയൂരി യു.ഡി.എഫിെൻറ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
മാണി സി. കാപ്പനൊപ്പം എൻ.സി.പി വിട്ട് നാഷനലിസ്റ്റ് കോൺഗ്രസ് കേരള രൂപവത്കരിക്കാൻ മുന്നിൽനിന്ന സുൽഫിക്കർ മയൂരിയാണ് സ്ഥാനാർഥിയെന്ന് കാപ്പൻ തന്നെയാണ് പ്രഖ്യാപിച്ചത്. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയായിരുന്നു സ്ഥാനാർഥിത്വം.
യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിെൻറ അലസതയും അബദ്ധപ്രവൃത്തികളുമാണ് എലത്തൂർ പ്രശ്നം വഷളാക്കിയതെന്ന് ജില്ലയിലെ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.
മാർച്ച് ഒന്നിന് പ്രതിപക്ഷനേതാവിെൻറ ഒൗദ്യോഗിക വസതിയായ കേൻറാൺമെൻറ് ഹൗസിൽ നടന്ന യോഗത്തിൽ സീറ്റ് ഭാരതീയ നാഷനൽ ജനതാദളിന് അനുവദിച്ചതായാണ് നാഷനൽ ജനതാദൾ നേതൃത്വം പറയുന്നത്.
അതിെൻറ അടിസ്ഥാനത്തിലാണ് പാർട്ടി നേതാവ് സെനിൻ റാഷി പത്രിക സമർപ്പിച്ചത്. കെ.പി.സി.സിയുടെ തീരുമാനത്തിന് ശേഷം നിയോജകമണ്ഡലം കൺവെൻഷൻ ചേർന്ന് നിലപാട് അറിയിക്കുമെന്ന് പത്രിക നൽകിയ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.