ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് സംഘം തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡിയിൽ ലഭിച്ചതിനു ശേഷം പ്രതിയുമായി എൻ.ഐ.എ നടത്തുന്ന ആദ്യ തെളിവെടുപ്പാണിത്.
ഷൊർണൂരിൽ ട്രെയിനിറങ്ങി പ്രതി വിശ്രമിച്ച നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. ഇയാൾ സ്റ്റേഷനിൽനിന്ന് പുറത്തേക്കിറങ്ങിയ വഴിയിലൂടെ നടത്തിയും തെളിവുകൾ ശേഖരിച്ചു. തുടർന്ന് റെയിൽവേ സംരക്ഷണ സേനയുടെ ഓഫിസിലിരുത്തി അഞ്ച് മണിക്കൂറോളം നീണ്ട വിശദമായ റിപ്പോർട്ട് തയാറാക്കലിന് ശേഷമാണ് സംഘം മടങ്ങിയത്. എൻ.ഐ.എ ഡിവൈ.എസ്.പി മാത്യു രാജ് കല്ലിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാറൂഖ് സെയ്ഫിയുമായി എത്തിയത്.
സംസ്ഥാന പൊലീസ് നേരത്തേ പ്രതിയുമായി ഷൊർണൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ച പ്രതിയെ ഒരു മിനിറ്റ് പോലും അവിടെ നിർത്താതെ ഉടനെത്തന്നെ തിരിച്ചുകൊണ്ടുപോവുകയാണ് സംസ്ഥാന പൊലീസ് ചെയ്തത്. എന്നാൽ, പ്രതി പെട്രോൾ വാങ്ങിയ പമ്പിലെത്തിച്ച് ഏറെ നേരം വിവരം ശേഖരിക്കുകയും ചെയ്തു. എൻ.ഐ.എ സംഘമാകട്ടെ പ്രതിയെ പെട്രോൾ പമ്പിൽ കൊണ്ടുപോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.