കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പിലെ ദുരൂഹതകൾ ഒരുമാസമായിട്ടും നീങ്ങിയില്ല.കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും പത്തോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത ‘മിന്നൽ’ ആക്രമണം നടത്തിയതാര് എന്ന് കണ്ടെത്തിയെങ്കിലും ആരുടെ പ്രേരണയിലാണ് ആക്രമണം, എന്തിനുവേണ്ടിയായിരുന്നു ആക്രമണം എന്നിവക്ക് ഇതുവരെ ഉത്തരമായിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വൺ കമ്പാർട്ട്മെന്റിലെത്തി പ്രതി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. മണിക്കൂറുകൾക്കുശേഷമാണ് മട്ടന്നൂർ കൊടോളിപ്രം വരുവക്കുണ്ട് കൊട്ടാരത്തിൽ പുതിയ പുരയിൽ നൗഫീഖ് (39), പാലോട്ടുപള്ളി കല്ലൂർ റോഡ് ബദരിയ്യ മൻസിയിൽ മാണിക്കോത്ത് റഹ്മത്ത് (45), ഇവരുടെ സഹോദരി ജസീലയുടെ മകൾ കോഴിക്കോട് ചാലിയം കുന്നുമ്മൽ സഹറ ബൈത്തൂൽ (രണ്ട്) എന്നിവരുടെ മൃതദേഹം എലത്തൂർ സ്റ്റേഷനു സമീപം ട്രാക്കിൽ കണ്ടെത്തിയത്.
ഈ മൂന്നുപേരെയും പ്രതി തള്ളിയിടുകയായിരുന്നോ അതോ ട്രെയിനിലെ തീ കണ്ട് ഇവർ പുറത്തേക്ക് ചാടുകയായിരുന്നോ എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.രത്നഗിരിയിൽനിന്ന് പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതായും ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ലഭിച്ചതായും ആദ്യ അന്വേഷണ സംഘത്തിന്റെ തലവൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ വ്യക്തമാക്കിയിരുന്നു.
നിലവിൽ എൻ.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നു എന്നാണ് ഇതിനോടകം ലഭ്യമായ തെളിവുകളിൽനിന്ന് പൊലീസ് ഉറപ്പിച്ചത്. ആനിലക്കാണ് എൻ.ഐ.എ അന്വേഷണവും പുരോഗമിക്കുന്നത്. യു.എ.പി.എ അടക്കം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.