കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഞായറാഴ്ച രാത്രിയുണ്ടായത് ആസൂത്രിത അക്രമം. രാത്രി 9.30ഓടെ ട്രെയിൻ എലത്തൂര്‍ സ്റ്റേഷന് വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് നടുക്കുന്ന സംഭവങ്ങളുണ്ടായത്. മതിയായ മുന്നൊരുക്കത്തോടെയാണ് അക്രമി ഡി രണ്ടിൽ നിന്ന് ഡി ഒന്ന് കോച്ചിലേക്ക് എത്തിയത്. പെട്ടെന്നുള്ള പ്രകോപനമോ, കേവലം ഒരു വ്യക്തിയെ ലക്ഷ്യമിട്ടോ ഉള്ള ആക്രമണമല്ല ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാൾ രണ്ട് കുപ്പി പെട്രോളുമായി ഡി വണ്‍ കോച്ചിലേക്ക് എത്തുകയായിരുന്നുവെന്ന് യാത്രക്കാരനായ ലതീഷ് ‘മാധ്യമ’ങ്ങളോട് പറഞ്ഞു. കുപ്പിയുടെ മൂടി തുറക്കുമ്പോള്‍ തന്നെ അപകടം മണത്ത് ഞാന്‍ മാറി രക്ഷപ്പെട്ടു. കുപ്പിയിലെ പെട്രോൾ ഇയാൾ കോച്ചിലെ എല്ലാ യാത്രക്കാരുടേയും ദേഹത്തേക്ക് ചീറ്റി. പിന്നാലെ തീയിട്ടു. എന്റെ തലയിലും പെട്രോൾ വീണു. മുടിയൽപം കത്തുകയും ചെയ്തു. പെട്രോൾ ട്രെയിനിന്റെ പ്ലാറ്റ് ഫോമിലും വീണ് കത്തി. ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് അയാള്‍ വന്നതെന്ന് തോന്നുന്നില്ല. കോച്ചിലെത്തി ശബ്ദമുണ്ടാക്കുകയോ തര്‍ക്കമുണ്ടാവുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമി ഡി ഒന്ന് കമ്പാർട്ട്മെന്റിൽ പല ഭാഗത്തായി ഇരുന്നതായും തുടർന്ന് കൈയിൽ കരുതിയ കുപ്പയിൽ നിന്ന് പെട്രോൾ ചീറ്റി തീ കൊളുത്തുകയുമായിരുന്നുവെന്ന് കമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരൻ റാസിക് പറഞ്ഞു. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പൊലീസ് പ്രതിയുടെ രേഖചിത്രം തയാറാക്കിത്.
രേഖ ചിത്രത്തിന് തൊണ്ണൂറ് ശതമാനവും സാമ്യമുണ്ടെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തീ ഉയര്‍ന്നപ്പോള്‍ നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി ഒന്ന് കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. അതിനാൽ പെട്ടെന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍, ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് ആംബുലന്‍സുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. ട്രെയിനിൽ ആക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ പെട്രോൾ കൈവശം സൂക്ഷിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെയും നിഗമനം. മാത്രമല്ല ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് വിട്ടുകഴിഞ്ഞാൽ പല കമ്പാർട്ട്മെന്റുകളിലും ചുരുക്കം യാത്രക്കാർ മാത്രമാണ് ഉണ്ടാവുക എന്നതും രാത്രി ആക്രമണം നടത്തിയാൽ രക്ഷപ്പെടൽ എളുപ്പമാവുമെന്നും ഇയാൾ മനസിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.