കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടക്കുന്നു. കേസിലെ സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാംപിലെത്തിച്ചായിരുന്നു തിരിച്ചറിയൽ പരേഡ് നടക്കുന്നത്. എ.ഡി.ജിപി എം.ആര്‍. അജിത് കുമാറും ഐ.ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാംപിലെത്തിയിരുന്നു.
ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ വെളിപ്പെടുത്തി. പ്രതിയുടെ തീവ്രവാദ ബന്ധം ഉറപ്പിച്ചാൽ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കോയമ്പത്തൂർ, മംഗലാപുരം സ്ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്കും നീളുന്നത്.
ഷാറുഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്താൻ പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണ സമയത്തു ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്രതി ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ആക്രമണത്തിനു പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്നു വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.