കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് യു.എ.പി.എ കേസുകൾ പരിഗണിക്കുന്ന ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതി ഷാറൂഖ് സെയ്ഫിയെ ചൊവ്വാഴ്ച അന്വേഷണ സംഘം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെ ഹാജരാക്കി വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.
ചൊവ്വാഴ്ച പരിഗണിക്കുമെന്നറിയിച്ച പ്രതിയുടെ ജാമ്യാപേക്ഷ പൊലീസ് റിപ്പോർട്ടിനായി ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ, പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) 16ാം വകുപ്പ് ചുമത്തിയതടക്കം ചൂണ്ടിക്കാട്ടി കേസ് മേൽക്കോടതിയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. തുടർന്നാണ് കേസ് ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയതിനാൽ ഇവിടത്തെ ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്ന് ചീഫ് ഡിഫൻസ് കൗൺസൽ പി. പീതാംബരനും കോടതിയെ അറിയിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പിടിയിലായി കോഴിക്കോട്ടെത്തിച്ചതിനുപിന്നാലെ വൈദ്യപരിശോധനക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പ്രതിയെ ഏപ്രിൽ ഏഴിന് അവിടെയെത്തി മജിസ്ട്രേറ്റ് 20വരെ റിമാൻഡ് ചെയ്തിരുന്നു.
ഈ റിമാൻഡിലാണിപ്പോൾ ഷാറൂഖ് സെയ്ഫി വിയ്യൂർ ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി തീരുന്നതിനാൽ പ്രതിയെ വ്യാഴാഴ്ച വിഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതി മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. യു.എ.പി.എ ചുമത്തിയതിനാൽ ഇയാളെ കൂടുതൽ കാലത്തേക്ക് റിമാൻഡ് ചെയ്യാനാണ് സാധ്യത. നിലവിൽ കേസ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കൊച്ചി യൂനിറ്റ് ഏറ്റെടുക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക കോടതിയിൽ സമർപ്പിക്കുകയും ചെയ്തതിനാൽ എൻ.ഐ.എ ഉടൻ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. കേസിന്റെ തുടർനടപടികൾ എറണാകുളത്തെ എൻ.ഐ.എ കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചാവും റിപ്പോർട്ട്. കേസ് ഏറ്റെടുത്ത എൻ.ഐ.എയും യു.എ.പി.എ അടക്കം വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറുന്ന മുറക്ക് അവിടെ അപേക്ഷ നൽകിയാവും പുതിയ അന്വേഷണ സംഘം ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.
അതിനിടെ, കേരള പൊലീസിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ചെയ്ത ട്രെയിൻ തീവെപ്പ്.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടേത് ഭീകരപ്രവർത്തനമെന്ന് അന്വേഷണ സംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും അതിനാലാണ് യു.എ.പി.എ ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.