ആലപ്പുഴ: വയോധികയായ സഹോദരിയെ ചുറ്റികക്ക് തലക്കടിച്ച് കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് 63കാരനായ സഹോദരൻ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12ാം വാർഡ് പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയാണ് (60) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതക സൂചന ലഭിച്ചതിനെ തുടർന്ന് വിവരം പൊലീസിന് കൈമാറി. തഹസിൽദാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പ്രതി കാട്ടിക്കൊടുത്ത വീടിന്റെ പിൻവശത്തെ അടുക്കളയുടെ ചുമരിനോട് ചേർന്നുള്ള ഭാഗം കുഴിച്ച് മൃതദേഹം കണ്ടെടുത്തു. മൂന്നടി താഴ്ചയിലാണ് കുഴിയെടുത്തിരുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ ആദ്യം റോസമ്മയുടെ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്തത്.
ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ച റോസമ്മയും മേസ്തിരിപ്പണിക്കാരനായ ബെന്നിയും ഒരുമിച്ചാണ് താമസം. റോസമ്മ രണ്ടാം വിവാഹത്തിന് തയാറെടുത്തിരുന്നു. രജിസ്റ്റർ നടപടി പൂർത്തിയാക്കി ചമ്പക്കുളം സ്വദേശിയുമായി മേയ് ഒന്നിന് കല്യാണവും നിശ്ചയിച്ചിരുന്നു. ഇതിൽ ബന്ധുക്കളുടെ എതിർപ്പുണ്ടായിരുന്നു. ഇതിനിടെ കല്യാണത്തിനായി പുതിയ സ്വർണമാലയും വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എട്ടുവർഷം മുമ്പ് കാൻസർ ബാധിച്ചാണ് ബെന്നിയുടെ ഭാര്യ മരിച്ചത്. മൂന്നു മക്കളുണ്ട്
17ന് രാത്രിയിലാണ് സംഭവങ്ങൾക്ക് തുടക്കം. രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രകോപിതനായ ബെന്നി ചുറ്റികകൊണ്ട് തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. റോസമ്മയെ കാണാതായതോടെ ബന്ധുക്കളടക്കമുള്ളവർ വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും വിവരങ്ങൾ ബെന്നി മറച്ചുവെച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് ബന്ധുവീട്ടിലെത്തിയ ബെന്നി സഹോദരന്റെ മകളോട് നടത്തിയ കുറ്റസമ്മതമാണ് കേസിൽ വഴിത്തിരിവായത്. റോസമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട് തനിക്ക് കൈയബദ്ധം പറ്റിയതാണെന്നും അവളെ അന്വേഷിക്കേണ്ടെന്നും പറഞ്ഞതോടെ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിന് വിവരം കൈമാറി. തുടർന്ന് ബെന്നിയെ വെട്ടുകാട് ഭാഗത്തെ ചായക്കടയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയുമായി വീട്ടിലെത്തി മൃതദേഹം കുഴിച്ചിട്ട ഭാഗം കാട്ടിക്കൊടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
റോസമ്മയുടെ മക്കൾ: ജോജി, ജോമോൻ. മരുമക്കൾ: ജാസ്മി, പ്ലിന്റോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.