തിരുവല്ലം: തിരുവല്ലത്ത് വയോധികയെ മരിച്ചനിലയിൽകണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വയോധികയുടെ പരിചാരികയുടെ കൊച്ചുമകനും അയൽവാസിയുമായ വണ്ടിത്തടം നെടിയവിള അലക്സ് ഭവനിൽ അലക്സ് ഗോപൻ ആണ് (20) അറസ്റ്റിലായത്.
വണ്ടിത്തടം പാലപ്പൂർ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽസലാം ഹൗസിൽ പരേതനായ ലത്തീഫിെൻറ ഭാര്യ ജാൻ ബീവിയെ (78) കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ തലക്ക് ക്ഷതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടര പവെൻറ സ്വർണമാലയും രണ്ട് പവൻ വരുന്ന വളകളും മോഷണം പോയിരുന്നു.
സെക്രേട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ മകൻ അൻവർ ജോലിക്ക് പോയ സമയത്താണ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധിക കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
വൃദ്ധയുടെ വീട്ടിൽ പരിചാരികയായി ജോലി നോക്കുന്ന സ്ത്രീയുടെ ചെറുമകനായ അലക്സ് ജാൻബീവിയോട് അടുപ്പം സ്ഥാപിക്കുകയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ജാൻബീവി പലപ്പോഴും അലക്സിെൻറ സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ, മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഇയാൾ പലപ്പോഴായി വയോധികയുടെ വീട്ടിൽനിന്ന് 65,000 രൂപ കവർന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ജാൻബീവി കൊല്ലപ്പെട്ട ദിവസം ഉച്ചക്ക് 2.30 ഓടെ വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി ഹെൽമറ്റ് ധരിച്ച് കവർച്ച ലക്ഷ്യമിട്ട് അലക്സ് അവിടെ എത്തി. വീടിെൻറ മുൻ വശത്തെ കതക് അകത്ത് നിന്നു കുറ്റി ഇട്ടിരുന്നതിനാൽ നീളമുള്ള കമ്പ് ഉപയോഗിച്ച് ജനൽ വഴി കുറ്റി തള്ളി മാറ്റിവാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു.
വയോധിക ശബ്ദം കേട്ട് ഹാളിലേക്ക് വരവെ കഴുത്തിൽ കിടന്ന സ്വർണ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ വൃദ്ധ ആളിനെ തിരിച്ചറിയുകയും 'മോനെ അലക്സേ..' എന്ന് വിളിക്കുകയും ചെയ്തു. സംഭവം പുറത്തറിയും എന്ന് മനസ്സിലാക്കിയ അലക്സ് തല പിടിച്ച്ചുവരിൽ ഇടിച്ചതോടെ മറിഞ്ഞു വീണ ജാൻബീവിയുടെ മാല പിടിച്ചു പറിക്കുകയും കൈകളിൾനിന്ന് വളകൾ ഊരി എടുക്കുകയും ചെയ്തു. ശേഷം വീണ്ടും തല ശക്തമായി നിലത്ത് ഇടിച്ച് മരിച്ചെന്ന് ഉറപ്പു വരുത്തിയ അവിടെനിന്നു മുങ്ങി.
ഫോർട്ട് എ.സി പ്രതാപൻ നായരുടെ നേതൃത്വത്തിൽ ജാൻബീവിയുടെ വീട്ടിൽ എത്താറുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചെദ്യചെയ്യലിൽ അലക്സ് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വണ്ടിത്തടത്തെ വൃദ്ധയുടെ വീട്ടിലും പാരലൽ കോളജിലും കൊണ്ടു വന്ന് തെളിവെടുത്തു.
പ്രതിയുടെ വീടിന് സമീപത്തെ പാരലൽ കോളജിെൻറ പിറകുവശത്തെ സൺ ഷെയ്ഡിൽ ഒളിപ്പിച്ചിരുന്ന സ്വർണവും പണവും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. സ്വർണ മാല സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയ ഒരു ലക്ഷം രൂപയാണിതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
തിരുവല്ലം സി.ഐ സജികുമാർ, ഫോർട്ട് സി.ഐ രാകേഷ്, എസ്.ഐ വിമൽ, അനുരാജ്, തിരുവല്ലം എസ്.ഐ നിതിൻ നളൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.