കൊച്ചി: വയോധിക മാത്രമുള്ള വീട്ടിൽ അതിക്രമിച്ചുകയറി പണം അടക്കേണ്ട അവസാന തീയതിക്ക് മുമ്പ് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. സ്വീകരിക്കുന്ന നടപടികൾ നാലാഴ്ചക്കകം കമീഷനെ അറിയിക്കണം.
പ്രായമുള്ള രോഗിയായ സ്ത്രീ മാത്രമാണ് വീട്ടിലുള്ളതെന്നറിഞ്ഞിട്ടും ഏക ജലസ്രോതസ്സായ വെള്ളകണക്ഷൻ വിച്ഛേദിച്ച നടപടി തിടുക്കത്തിലുള്ളതാണെന്ന് കമീഷൻ നിരീക്ഷിച്ചു. അവസാന മാർഗമെന്ന നിലയിൽ മാത്രമാണ് കണക്ഷൻ വിച്ഛേദിക്കേണ്ടതെന്ന് നിയമത്തിലുള്ളപ്പോൾ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു.
ഇടപ്പള്ളി സ്വദേശി ഷാജി പി. മാത്യുവിന്റെ പരാതിയിലാണ് നടപടി. 2021 ഫെബ്രുവരി 18നാണ് പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷൻ മുന്നറിയിപ്പില്ലാതെ കലൂർ അസി.എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽനിന്നെത്തിയ ജീവനക്കാർ വിച്ഛേദിച്ചത്. ഈ സമയത്ത് പരാതിക്കാരൻ പാലക്കാടായിരുന്നു. 87 വയസ്സുള്ള മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരാതിക്കാരന് ലഭിച്ച ബിൽ അനുസരിച്ച് 4286 രൂപയാണ് അടക്കാനുണ്ടായിരുന്നത്.
2021 ജനുവരി 12ന് നൽകിയ ബിൽ അനുസരിച്ച് കണക്ഷൻ വിച്ഛേദിക്കുന്ന തീയതി ഫെബ്രുവരി 21 ആയിരുന്നു. എന്നാൽ, ഫെബ്രുവരി 18നാണ് കണക്ഷൻ വിച്ഛേദിച്ചത്. എന്നാൽ, 2019 ഡിസംബർവരെ മാത്രമാണ് പരാതിക്കാരൻ ബിൽ അടച്ചതെന്ന് ചീഫ് എൻജിനീയർ കമീഷനെ അറിയിച്ചു. ഇത്തരത്തിൽ ഒരു കുടിശ്ശിക ബില്ലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. വിവരമറിഞ്ഞ് 4286 രൂപ ഓൺലൈനായി അടച്ചെങ്കിലും കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് 115 രൂപകൂടി ഈടാക്കിയതായും പരാതിക്കാരൻ അറിയിച്ചു.
ഡിമാൻഡ് നോട്ടീസ് തീയതിക്ക് മുമ്പ് കണക്ഷൻ വിച്ഛേദിച്ച നടപടി തെറ്റാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ജല അതോറിറ്റി മാനേജിങ് ഡയറക്ടർ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.