പ്രതികളായ ഷഫീഖ, അൽ അമീൻ, ഷഫീഖ്

വിഴിഞ്ഞത്ത് 71കാരിയെ കൊലപ്പെടുത്തി മച്ചിൽ ഒളിപ്പിച്ച കേസ്; അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. പ്രതികളായ കോവളം സ്വദേശി റഫീഖ ബീവി, മകൻ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അൽ അമീൻ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷനൽ ​സെഷൻസ് കോടതി ശിക്ഷിച്ചത്. 2022 ജനുവരി 14നായിരുന്നു സംഭവം. മൂന്നു ​പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

71കാരിയായ ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന് മൃതദേഹം തട്ടിൻ പുറത്ത് ഒളിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ശാന്തകുമാരിയുടെ അയൽവാസിയാണ് റഫീഖ. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. വാടക വീട് ഒഴിഞ്ഞപ്പോൾ വീട്ടുടമ വീട് പരിശോധിച്ചപ്പോഴാണ് മച്ചിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ താമസിച്ചിരുന്ന റഫീഖ ബീവി കൊല്ലപ്പെട്ടുവെന്നാണ് ആദ്യം പൊലീസ് കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാനില്ലെന്നും അവർ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിച്ചത്. മച്ചിലെ മൃതദേഹം പൊലീസാണ് വീടിന് താഴെ എത്തിച്ചത്.

ശാന്തകുമാരിയുടെ സ്വർണം മോഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അതിനായി അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കവർച്ച ലക്ഷ്യമിട്ടാണ് പ്രതികൾ ശാന്തകുമാരിയുടെ വീടിനടുത്ത് താമസത്തിന് എത്തിയതെന്നും പൊലീസ് സംശയിച്ചിരുന്നു. ഒറ്റക്കാണ് വിധവയായ ശാന്തകുമാരി താമസിച്ചിരുന്നത്. ഇവരുടെ മകൻ ഹോട്ടൽ വ്യവസായിയാണ്. മകൾ ആന്ധ്രയിലും. ധാരാളം സ്വർണാഭരണങ്ങൾ അണിഞ്ഞായിരുന്നു ശാന്തകുമാരി എപ്പോഴും നടക്കാറുണ്ടായിരുന്നത്. മൃതദേഹം വീടിന്റെ തട്ടിന്‍ പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഒളിപ്പിച്ചു.

മൃതദേഹത്തിൽ നിന്ന് സ്വര്‍ണമാല, വളകള്‍, മോതിരം, മാട്ടിയോട് കൂടിയ കമ്മലുകള്‍ എന്നിവയാണ് പ്രതികള്‍ കവർന്നത് .കുറച്ചു സ്വർണം വിഴിഞ്ഞം അഞ്ജനാ ജുവലറിയില്‍ വിറ്റ് പണമാക്കി. തുടര്‍ന്ന് തിരുവനന്തപുരം പവര്‍ ഹൗസ് റോഡില്‍ അമലാസ് റെസിഡന്‍സി ഹോട്ടലില്‍ താമസിച്ചു.

കൊലപാതകം നടത്തി വിഴിഞ്ഞത്ത് നിന്ന് കോഴിക്കോട്ടേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. അതിനിടയിലാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പ്രതികളിൽ നിന്ന് കണ്ടെടുത്തിരുന്നു. 2020ൽ 14കാരിയെ കൊലപ്പെടുത്തിയതിന് പിന്നിലും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. 

Tags:    
News Summary - Elderly woman's murder: Three sentenced to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.