കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സർക്കാർ ഹരജി നൽകി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും അതേസമയം, അന്വേഷണവുമായി എം.എൽ.എ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.
യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈമാസം 20ന് മുൻകൂർ ജാമ്യം അനുവദിച്ചത്. ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുകളുണ്ടെങ്കിലും കീഴ്കോടതി അത് പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചത്. വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ് മുൻകൂർ ജാമ്യം നൽകിയത്. പരാതിക്കാരിയുടെ മാനസികാവസ്ഥയോ പ്രതിയുടെ ഉന്നതതല സ്വാധീനമോ കോടതി പരിഗണിച്ചില്ലെന്നും ഹരജിയിൽ വിശദീകരിക്കുന്നു.
ജൂലൈ നാലിന് കോവളത്തെ സ്വകാര്യ റിസോർട്ടിലും സെപ്റ്റംബർ അഞ്ചിന് കളമശ്ശേരിയിലെ ഒരു ഫ്ലാറ്റിലും സെപ്റ്റംബർ 14നു പേട്ടയിലെ വസതിയിലും പരാതിക്കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.