കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ചോദ്യം ചെയ്യൽ അന്തിമ ഘട്ടത്തിലേക്ക്. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് അഡ്വ. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഇദ്ദേഹം മൂന്നാമത് നൽകിയ നോട്ടീസ് അനുസരിച്ച് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഒാഫിസിലെത്തി.
ഡിവൈ.എസ്.പി എ. സതീഷ്കുമാറിെൻറ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടു. ബുധനാഴ്ച ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് കെ. സുരേഷ്കുമാർ ഷെട്ടിയെ ചോദ്യം ചെയ്യും. ഇദ്ദേഹം എത്തിയാൽ ജില്ലയിലുള്ള നേതാക്കളുടെ ചോദ്യം ചെയ്യൽ പൂർത്തിയാകും. കേസിലെ മുഖ്യപ്രതി കെ. സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. നേതാക്കളായ സുനിൽ നായിക്, സുരേഷ് നായിക്, കെ. മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയുടെ പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചത് കെ. സുരേന്ദ്രെൻറ ചീഫ് ഏജൻറായ ബാലകൃഷ്ണ ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് താളിപ്പടുപ്പിലെ ഹോട്ടൽ മുറിയിൽ മാർച്ച് 21നായിരുന്നു ഇൗ സംഭവം. ബാലകൃഷ്ണ ഷെട്ടിക്കൊപ്പം കാസർകോട് കലക്ടറേറ്റിൽ എത്തിയാണ് സുന്ദര പത്രിക പിൻവലിച്ചത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പൈവളികെയിലെ ബി.ജെ.പി നേതാവ് ലോകേഷ് നന്ദ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.