തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇടുക്കിയിൽ ഭൂവിഷയമടക്കമാണ് നേരത്തേ മുഖ്യ ചർച്ചയായിരുന്നതെങ്കിൽ ഇത്തവണത്തെ കാടിറങ്ങുന്ന വന്യമൃഗങ്ങളാണ് വിഷയം. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നവരാണ് ഇടുക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പന്‍റെ നാടുകടത്തലിനെത്തുടർന്ന് അൽപം ശമനമുണ്ടായിരുന്ന വന്യമൃഗശല്യം ഇപ്പോൾ അതിരൂക്ഷമാണ്.
മൂന്ന് മാസത്തിനിടെ അഞ്ചുപേരാണ്ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യമൃഗ ആക്രമണം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അതുകൊണ്ട് കാട്ടാന ശല്യത്തിൽനിന്ന് ഞങ്ങളെ സംരക്ഷിക്കുന്നവർക്ക് മാത്രമാണ് ഇത്തവണത്തെ വോട്ടെന്ന് ചിന്നക്കനാൽ പ്രദേശവാസികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ചക്കക്കൊമ്പൻ, മുറിവാലൻ പടയപ്പ ഇങ്ങനെ പേരുള്ളവയും അല്ലാത്തവയുമായി കാട്ടാനകൾ മൂന്നാർ, ചിന്നക്കനാൽ, പീരുമേട് മേഖലകളിൽ വിലസുകയാണ്. ഇതിനുപിറകെ കാട്ടുപോത്തും കരടിയും പുലിയുമൊക്കെ ഹൈറേഞ്ച് ജനതയെ മുൾമുനയിൽ നിർത്തുന്നു.
പ്രതിഷേധം രൂക്ഷമാകുമ്പോൾ വാഗ്ദാനങ്ങളുമായി എത്തുന്നവരെ വിശ്വാസമില്ലെന്നാണ് വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളിലെ പ്രദേശവാസികൾ പറയുന്നത്. ഇത്തരം വാഗ്ദാനങ്ങളുമായി ആരും ഇവിടേക്ക് വരേെണ്ടന്നും ഇവർ ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കുന്നു.
വന്യമൃഗശല്യവും ഇതുമായി ബന്ധപ്പെട്ട പ്രശ്നം സജീവമായതോടെ പ്രശ്നത്തെ എങ്ങനെ നേരിടുമെന്ന പ്രകടനപത്രികതന്നെ ജില്ലയിലെ സ്ഥാനാർഥികൾ ഇറക്കിക്കഴിഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ ആറ് താലൂക്കിൽ എം.പി ഫണ്ടിന്‍റെ 50 ശതമാനവും സി.എസ്.ആർ ഫണ്ടും കണ്ടെത്തി കൂടുതൽ ഫലപ്രദമായ പദ്ധതികൾ ഏർപ്പെടുത്തുമെന്ന ഉറപ്പാണ് യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് നൽകുന്നത്. തമിഴ്നാട്, കർണാടക തുടങ്ങി വന്യജീവി ആക്രമണം നേരിടുന്ന സംസ്ഥാനങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കി കേരളത്തിലും പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
എം.പി ഫണ്ടിന്‍റെ 30 ശതമാനവും വന്യജീവി ആക്രമണത്തെ ചെറുക്കാൻ നീക്കിവെക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജും പറഞ്ഞു. വനം, റവന്യൂ, അഗ്നിരക്ഷാസേന, പൊലീസ്, ജനപ്രതിനിധികൾ തുടങ്ങിയവരെ കൂട്ടിയോജിപ്പിച്ച് ഏകോപനച്ചുമതല ഏറ്റെടുക്കുമെന്നും ജോയ്സ് ജോർജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.