തൃശൂർ: കൊടകര ബി.ജെ.പി കുഴൽപണ കേസിൽ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനും കള്ളപ്പണ കവർച്ച സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും അന്വേഷണസംഘം ഈയാഴ്ച റിപ്പോർട്ട് നൽകും. റിപ്പോർട്ട് തയാറായതായും അന്തിമ പരിശോധന നടക്കുകയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
കുഴൽപണ കവർച്ച കേസിൽ കഴിഞ്ഞയാഴ്ചയാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബി.ജെ.പിക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കള്ളപ്പണം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നുവെന്നും അതിൽ പറഞ്ഞിട്ടുണ്ട്. കവർച്ച ചെയ്തതിൽ രണ്ടു കോടിയോളം രൂപ കണ്ടെടുക്കാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെ മുൻനിർത്തിയാണ് 'സാക്ഷികൾ ചിലപ്പോൾ പ്രതികളായേക്കാ'മെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നാണ് സൂചന. കുഴൽപണ കേസിൽ പൊലീസിന് കേസെടുക്കാനാവില്ലെന്നിരിക്കെ ഐ.പി.സി 171 എ മുതൽ ഐ വരെയുള്ള വകുപ്പുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ചുമത്താവുന്ന വകുപ്പുകളാണ്. ഇതിെൻറ നിയമ സാധുതയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതുൾപ്പെടെ 40 കോടിയിലധികം രൂപയുടെ കള്ളപ്പണം ബി.ജെ.പി കേരളത്തിൽ എത്തിച്ചെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. ഈ തുക എല്ലാ ജില്ലകളിലും പ്രാദേശിക ബി.ജെ.പി നേതാക്കൾക്ക് നൽകിെയന്നും പറയുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ട കോന്നിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ പണവുമായെത്തിയതും നേതാക്കൾക്ക് 10,000 മുതൽ 20,000 വരെ നൽകിയതും കുറ്റപത്രത്തിലുണ്ട്. ധർമരാജനുമായി വർഷങ്ങളുടെ ബന്ധവും നിരന്തര ഫോൺ വിളികളുമുണ്ടെന്നും കവർച്ചക്കു ശേഷം വീട്ടിൽ വന്ന് കണ്ടതായും കവർച്ചയെക്കുറിച്ച് സംസാരിച്ചതായും കെ. സുരേന്ദ്രൻ സ്ഥിരീകരിച്ച മൊഴിയും കുറ്റപത്രത്തിനൊപ്പമുണ്ട്.
പണം ആർക്കൊക്കെ ലഭിച്ചു, എവിടെനിന്ന് വന്നു, ആരെയൊക്കെ പ്രതിയാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ അന്വേഷണ സംഘം പരിശോധിച്ചത്. ബി.ജെ.പി സംസ്ഥാന നേതാക്കളെ പ്രതികളാക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ സ്പെഷൽ പ്രോസിക്യൂട്ടറുമായി സംസാരിച്ച ശേഷം നടപടികളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.