തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയുടെ പ്രതിഫലനം സംസ്ഥാന കോൺഗ്രസിലും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങളും ചർച്ചകളും മുറുകിയിരിക്കുന്നത്. 'കെ.സി ഇഫെക്ട്' സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ് സമവാക്യങ്ങളിൽ അടുത്തിടെ കാതലായ മാറ്റം ഉണ്ടാക്കിയതിന് പിന്നാലെയാണ് പാർട്ടിക്കേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരിൽ കേരളത്തിലെ തുടർചലനങ്ങൾ.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരസ്പരം ഉന്നമിട്ട് ആറാട്ട് നടത്തി. തിരിച്ചടിയുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വേണുഗോപാലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് സംസ്ഥാന കോൺഗ്രസിലുണ്ടായ ഗ്രൂപ് ചേരിതിരിവുകൾ വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റുകളിലേറെയും. രാഹുൽ ഗാന്ധിയെ തെറ്റായി ഉപദേശിച്ച് പാർട്ടിയെ തകർത്തത് വേണുഗോപാലാണെന്ന തരത്തിലായിരുന്നു വിമർശനം.
വിമർശനത്തിലെ അപകടം മണത്തതോടെ വേണുഗോപാൽ അനുകൂലികളും ഉച്ചയോടെ സജീവമായി രംഗത്തിറങ്ങി. കെ.സിയുടെ ചിത്രം പങ്കുവെച്ചായിരുന്നു മുഖ്യമായും അവരുടെ സ്വയം പ്രതിരോധം. കൂടാതെ പാർട്ടിയുടെ തോൽവിയിൽ ഏതെങ്കിലും നേതാവിനെ കുറ്റപ്പെടുത്തുന്നതിലെ അനൗചിത്യവും അവർ എടുത്തുകാട്ടി. ഇക്കാര്യം സാധൂകരിക്കുന്നതിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്കുണ്ടായ തോൽവിയും അവരിൽ ചിലർ ഉയർത്തിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായതോടെ കെ.സി. വേണുഗോപാലിന് ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ന് നിർണായക സ്ഥാനമുണ്ട്. ഇത് പലപ്പോഴും സംസ്ഥാന കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത നിലയിലുമാണ്. അതിടെയാണ് പരമ്പരാഗത ഗ്രൂപ്പുകളിൽ സജീവമായിരുന്ന പ്രമുഖരെ ഒപ്പംകൂട്ടി കേരളത്തിൽ സ്വന്തം ഗ്രൂപ്പിന് അടുത്തിടെ അദ്ദേഹം രൂപം നൽകിയിട്ടുള്ളത്.
ദേശീയതലത്തിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടിയോടെ വേണുഗോപാലിന് സംഘടന രംഗത്തുണ്ടായേക്കാവുന്ന തിരിച്ചിറക്കം സംസ്ഥാന കോൺഗ്രസിൽ പ്രധാന ചർച്ചയായിക്കഴിഞ്ഞു. സമീപകാലത്ത് പാർട്ടിയിലെ പ്രധാന ഗ്രൂപ്പുകളിൽ നിന്ന് വേണുഗോപാലിനൊപ്പം ചേർന്നവരും അങ്കലാപ്പിലാണ്. അദ്ദേഹത്തിന് ഹൈകമാൻഡിലുള്ള സ്വാധീനം നഷ്ടമായാൽ തങ്ങളുടെ കാര്യം അപകടത്തിലാകുമോയെന്ന സംശയമാണ് അവരിൽ ശക്തമായിരിക്കുന്നത്. അതേസമയം, വേണുവിന്റെ ചിറകരിയലിന് ഏറെക്കാലമായി കാത്തിരിക്കുന്ന പാർട്ടിയിലെ പരമ്പരാഗത ഗ്രൂപ്പുകൾ ഇത്തവണയെങ്കിലും മോഹം പൂവണിയുമെന്ന പ്രതീക്ഷയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.