നിങ്ങളുടെ ബസ് എവിടെയെത്തി എന്നറിയണോ?, "വേർ ഈസ് മൈ കെ.എസ്.ആർ.ടി.സി" ആപ്പ് വരുന്നു...!

തിരുവനന്തപുരം: ചെലവ് പരമാവധി കുറച്ച് വരവ് പരമാവധി കൂട്ടിക്കൊണ്ടുവന്നാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അകൗണ്ടിൽ പണമുണ്ടാകൂവെന്നും അതിന്റെ ഭാഗമായി റൂട്ടുകൾ പരിഷ്കരിക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

അനാവശ്യ റൂട്ടുകൾ നിർത്തുമെന്നും ഒരോ ബസിന്റെയും കോസ്റ്റ് അകൗണ്ടിങ് നടത്തുമെന്നും ഗതാഗത മന്ത്രി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും തുച്ഛമായ വരുമാനമുള്ള ബസുകൾ നിലനിർത്തുക പ്രയാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"ഇലക്ട്രിക് ബസുകൾ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നത്. അതും പത്ത് രൂപ നിരക്കിലാണ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ ഇതിൽ സൗകര്യമില്ല. നൂറുപേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന് കറന്റ് ചാര്‍ജ് എത്ര രൂപ വേണം? ഡ്രൈവര്‍ക്ക് ശമ്പളം എത്രവേണം. കിലോമീറ്ററിന് 28 പൈസ വച്ച് കെ.എസ്.ആർ.ടി.സി, സ്വിഫ്റ്റിന് കൊടുക്കണം. നൂറു കിലോമീറ്റര്‍ ഓടുമ്പോഴോ, എത്ര രൂപ മിച്ചമുണ്ട്" മന്ത്രി ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒാടുന്ന മുഴുവൻ ബസുകകളും റീ ഷെഡ്യൂൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാനുള്ള പദ്ധതി മനസ്സിലുണ്ടെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അതനുസരിച്ച് ചില പദ്ധതികൾ മനസ്സിലുണ്ട്. ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ശമ്പളം ഒരുമിച്ച് കൊടുക്കാനാകുമോ എന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേർ ഈസ് മൈ ട്രെയിൻ എന്നതിന് സമാനമായി ബസ് എവിടെ എത്തിയെന്ന് അറിയാൻ വേർ ഈസ് മൈ കെ.എസ്.ആർ.ടി.സി എന്നൊരു മൊബൈൽ ആപ് കൊണ്ടുവരുമെന്ന് മന്ത്രി ഗണേഷ് പറഞ്ഞു. ബസുകളിലുള്ള ജി.പി.എസ് സേവനത്തെ ഏകോപിപ്പിക്കാൻ ഒരു കൺട്രോൾ റൂം തിരുവനന്തപുരത്ത് കൊണ്ടുവരാനായി ആലോചിക്കുന്നുണ്ടെന്നും ബസുകൾ എവിടെയെത്തി, വേഗത എങ്ങനെയാണ് തുടങ്ങിയത് അറിയാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - "Electric buses are a loss"; Minister Ganesh will bring Where is My KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.