തൊടുപുഴ: കനത്ത മഴയെത്തുടർന്ന് വീടിനു സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു. തൊടുപുഴക്ക് സമീപം ചീനിക്കുഴിയിലാണ് സംഭവം. കല്ലറക്കൽ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്.
ഷോക്കേറ്റ് കിടന്ന ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും വൈദ്യുതാഘാതമേറ്റത്. സമീപവാസികൾ ഇരുവരെയും കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് നിറഞ്ഞതിനെ തുടർന്ന് വെള്ളം എത്തിക്കുന്ന ഹോസ് നീക്കം ചെയ്യാൻ പുരയിടത്തിലേക്കിറങ്ങവെ ബാബുവിെൻറ കാൽ പൊട്ടിവീണ് കിടന്ന വൈദ്യുതി ലൈനിൽ ഉടക്കി ഷോക്കേൽക്കുകയായിരുന്നു.
ബാബുവിെൻറ നിലവിളി കേട്ട് അടുക്കളയിൽനിന്ന് ലൂസി ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും വൈദ്യുഘാതമേറ്റു. ഇരുവരെയും കാണാത്തതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ബാബുവിെൻറ പിതാവ് ജോസഫ് വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ പുരയിടത്തിൽ ഇരുവരെയും ഷോക്കേറ്റ നിലയിൽ കാണുന്നത്. കോതമംഗലം രൂപതയിലെ വൈദികനും ചങ്ങനാശ്ശേരി എസ്.ബി കോളജിലെ എം.എ വിദ്യാർഥിയുമായ ടോജിൻ, ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്ന ടോണൽ എന്നിവരാണ് മക്കൾ. മരുമകൾ: അനു (നഴ്സ് ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.