വൈദ്യുതിനിരക്ക്: സാധാരണക്കാര്‍ക്ക് വര്‍ധന; വമ്പന്മാരെ തൊടുന്നില്ല

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കനത്തബാധ്യത വരുമ്പോള്‍ വമ്പന്മാരെ തൊടാതെ റെഗുലേറ്ററി കമീഷന്‍െറ വൈദ്യുതിനിരക്ക് പരിഷ്കരണ നിര്‍ദേശം. സാധാരണക്കാര്‍ക്ക് വീട്ടുവൈദ്യുതിക്ക് യൂനിറ്റിന്10 മുതല്‍ 50 പൈസ വരെയാണ് വര്‍ധന ഉദ്ദേശിക്കുന്നത്. എന്നാല്‍, മാസം400 ന് മുകളില്‍  യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. അവര്‍ക്ക് നിലവിലെ നിരക്കില്‍തന്നെ വൈദ്യുതി കിട്ടും. നിലവില്‍ ഉയര്‍ന്ന നിരക്കാണെന്ന പേരില്‍ വ്യവസായ-വാണിജ്യമേഖലയിലെ പതിനഞ്ചോളം വിഭാഗങ്ങള്‍ക്കും അവരുടെ സ്ളാബുകള്‍ക്കും പഴയ നിരക്ക് തുടരും. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം കൂടി കേട്ട ശേഷം കമീഷന്‍ ഇതില്‍ അന്തിമതീരുമാനമെടുക്കും.

വൈദ്യുതിയുടെ ശരാശരി യൂനിറ്റ് വില 5.28 രൂപയായി ഉയരും. നിലവില്‍ വീടുകള്‍ക്ക് 3.76 രൂപ നിരക്കിലും കൃഷിക്ക് 2.39 രൂപ നിരക്കിലുമാണ് വൈദ്യുതി നില്‍കുന്നത്. ഇളവുകള്‍ ഇല്ലാതാക്കണമെന്ന് വൈദ്യുതിനിയമത്തില്‍ നിര്‍ദേശമുണ്ട്. പുതിയ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കുന്ന വൈദ്യുതിക്ക് 80 ശതമാനം വരെ നിരക്കുവര്‍ധന വേണ്ടിവരുമെന്നും താരിഫ് ഷോക്ക് ഒഴിവാക്കാനാണ് അത്രത്തോളം വര്‍ധനയിലേക്ക് പോകാത്തതെന്നുമാണ് കമീഷന്‍െറ നിലപാട്.

ആസന്നമായ വര്‍ധനക്കുപുറമെ വരുംവര്‍ഷങ്ങളിലും വൈദ്യുതിനിരക്ക്വര്‍ധനക്ക് സാധ്യത തെളിഞ്ഞു. ജനുവരിയില്‍ നിരക്ക് വര്‍ധിപ്പിച്ചാലും 3,224 കോടി രൂപയുടെ കമ്മിയുണ്ട്. യൂനിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കാന്‍ സ്വന്തം നിലയില്‍ കമീഷന്‍ നടപടി തുടരുകയാണ്. ഇക്കൊല്ലം വൈദ്യുതിബോര്‍ഡിന് 163 കോടിയും അടുത്തവര്‍ഷം 633 കോടിയും ലാഭമുണ്ടാകും. എന്നാല്‍ 4,924 കോടിയുടെ പഴയ കമ്മി നിലനില്‍ക്കുന്നെന്നാണ് കമീഷന്‍ വിലയിരുത്തല്‍. ഇക്കൊല്ലത്തേക്ക് 330 കോടിയും അടുത്തവര്‍ഷം 1370 കോടിയും നിരക്ക് വര്‍ധിപ്പിച്ച് ഈടാക്കും.

ഇക്കൊല്ലത്തെ അധികവരുമാനമായ 163 കോടിയും അടുത്തവര്‍ഷത്തെ 633 കോടിയും തട്ടിക്കിഴിച്ചശേഷം 905 കോടിയുടെ നിരക്ക്വര്‍ധനയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 2011-12 ല്‍ 1400 കോടിയുടെയും 12-13ല്‍ 3100 കോടിയുടെയും അധിക ബാധ്യത ബോര്‍ഡിന് റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചുനല്‍കിയിരുന്നു. ബോര്‍ഡ് കമ്പനിയായി മാറിയതോടെയാണ് പഴയ ബാധ്യതകള്‍ നിരക്ക്വര്‍ധനയായി വരുന്നത്.

ബോര്‍ഡിനെ മൂന്ന് ലാഭകേന്ദ്രങ്ങളായി കണക്കാക്കി നിരക്ക് നിശ്ചയിക്കും. വൈദ്യുതി ബോര്‍ഡ് ഇക്കുറി നിരക്ക്വര്‍ധന ആവശ്യപ്പെട്ടില്ല. കമീഷനുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ളതിനാല്‍ വരവുചെലവ് കണക്ക് പോലും നല്‍കിയില്ല. കമീഷന്‍ സ്വന്തം നിലയില്‍ ബോര്‍ഡിന്‍െറ കണക്ക് നിശ്ചയിക്കുകയും നിരക്ക്വര്‍ധനനിര്‍ദേശം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. 

2014ലാണ് ഒടുവില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നത്. 12,13,14 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിച്ചു. 10 വര്‍ഷത്തിനുശേഷമാണ് 2012ല്‍ നിരക്ക്വര്‍ധന വന്നത്. ഇപ്പോള്‍ എല്ലാവര്‍ഷവും നിരക്ക് പരിഷ്കരണം വേണമെന്ന നിലപാടിലാണ് കമീഷന്‍.

 

Tags:    
News Summary - electricity charge increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.