തിരുവനന്തപുരം: വൈദ്യുതി ചാർജിനത്തിൽ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനമേ നൽകാനാവൂവെന്ന ജല അതോറിറ്റി എം.ഡിയുടെ കത്ത് തള്ളി കെ.എസ്.ഇ.ബി. ആവശ്യം അംഗീകരിക്കാനാവില്ലെന്നും 25 ശതമാനമെന്ന ധാരണയിൽനിന്നു പിന്നാക്കം പോകാനാവില്ലെന്നും കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വൈദ്യുത ചാർജ് തുക എല്ലാ മാസവും കൈമാറുന്നതിന് ‘എസ്ക്രോ’ അക്കൗണ്ട് തുടങ്ങുന്നതിൽ ജല അതോറിറ്റി തുടരുന്ന താൽപര്യക്കുറവിനേയും കത്തിൽ വിമർശിക്കുന്നു. 10 ശതമാനം തുകയെന്ന ജല അതോറിറ്റി വാദം ചർച്ചകളുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ നിർദേശത്തിന് വിരുദ്ധമാണെന്നും കെ.എസ്.ഇ.ബി പറയുന്നു.
എസ്ക്രോ അക്കൗണ്ട് സംബന്ധിച്ച് 2023 ഒക്ടോബർ 30 ലെ സർക്കാർ ഉത്തരവ് പാലിക്കാൻ തയാറാകണമെന്നും ഇതുപ്രകാരം കരാറിന് സൗകര്യപ്രദമായ സമയം അറിയിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. നിലവിൽ ജല അതോറിറ്റിയുടെ പ്രതിമാസ വൈദ്യുതി ഉപഭോഗം തന്നെ 37 കോടിയോളം രൂപ അടുത്താണ്. ഈ സാഹചര്യത്തിൽ ആകെ വരുമാനത്തിന്റെ 10 ശതമാനം അഥവാ 10 കോടിയേ തരൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന തീരുമാനത്തിലാണ് കെ.എസ്.ഇ.ബി മാനേജ്മെന്റ്.
അതേസമയം, തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമടക്കം വെള്ളക്കര കുടിശ്ശിക ഇനത്തിൽ ജല അതോറിറ്റിക്ക് നൽകേണ്ട കുടിശ്ശിക ഈടാക്കാൻ സർക്കാർ തയാറാവുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശിക 929 കോടിയാണ്. പഞ്ചായത്തുകൾ- 351 കോടി, നഗരസഭകൾ- 353 കോടി, കോർപറേഷനുകൾ- 224 കോടി എന്നിങ്ങനെയാണ് കുടിശ്ശിക. സർക്കാർ വകുപ്പുകളുടെ കുടിശ്ശിക 110 കോടിയിലേറെയാണ്.
സർക്കാർ വകുപ്പുകളുടെ ആകെ കുടിശ്ശികയുടെ 40 ശതമാനത്തിലേറെ നൽകേണ്ടത് ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ്. തദ്ദേശസ്ഥാപന അധികൃതർക്കും വിവിധ വകുപ്പു മേധാവികൾക്കും അതോറിറ്റി പലതവണ അറിയിപ്പ് നൽകിയെങ്കിലും തീരുമാനം ഉണ്ടാവുന്നില്ല.
തിരുവനന്തപുരം: വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകാനുള്ള 2068.07 കോടി രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുത്തു. ഈ തുക 206.80 കോടി രൂപയുടെ 10 ഗഡുക്കളാക്കി സർക്കാർ കെ.എസ്.ഇ.ബിക്ക് നൽകും. ജല അതോറിറ്റിക്ക് സർക്കാർ അനുവദിക്കുന്ന നോൺ-പ്ലാൻ ഗ്രാന്റിൽനിന്നാണ് തുക നൽകുക. കുടിശ്ശിക സർക്കാർ ഏറ്റെടുത്തെങ്കിലും ജല അതോറിറ്റി പ്രതിമാസം നൽകേണ്ട വൈദ്യുതി നിരക്ക് തുക കെ.എസ്.ഇ.ബിക്ക് കൈമാറാൻ അടുത്ത സാമ്പത്തിക വർഷം മുതൽ ‘എസ്ക്രോ’ അക്കൗണ്ട് തുടങ്ങണം. ധനവകുപ്പിന്റെ കൂടി നിർദേശപ്രകാരം നേരത്തേയെടുത്ത തീരുമാനങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെത്തുടർന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതടക്കം സാമ്പത്തിക ബാധ്യത വർധിച്ചതോടെയാണ് കുടിശ്ശികയിനത്തിൽ കിട്ടാനുള്ള തുക പരമാവധി ഈടാക്കാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയത്. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ വൈദ്യുതി വിച്ഛേദിക്കാനും സർക്കാറിന്റെ അനുമതി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.