തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി ഏർപ്പെടുത്തിയ പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക്. വിവിധ ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ നിർദേശപ്രകാരം ആരംഭിച്ച പ്രാദേശിക നിയന്ത്രണം ഫലം കാണാത്ത സാഹചര്യമാണ്. ലോഡ് കൂടുതലുള്ളയിടങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണംകൊണ്ട് പീക്ക് സമയ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടാവുന്നില്ല. രണ്ടു ദിവസത്തെ കണക്കുകൾ പരിശോധിച്ച കെ.എസ്.ഇ.ബി നിലവിലെ നിയന്ത്രണ സംവിധാനംവഴി കാര്യമായ പ്രയോജനമില്ലെന്ന് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇടങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത്.
നിയന്ത്രണം വഴി പ്രതീക്ഷിച്ച കുറവ് വൈദ്യുതി ഉപഭോഗത്തിലുണ്ടായിട്ടില്ലെന്ന വിവരം കണക്കുകൾ സഹിതം സർക്കാറിനെ അറിയിക്കും. വ്യവസായ മേഖലയിൽ മാത്രമാണ് നിയന്ത്രണമെന്നും ഗാർഹിക ഉപഭോക്താക്കളെ ബാധിക്കില്ലെന്നുമാണ് പ്രാദേശിക നിയന്ത്രണം സംബന്ധിച്ച് ഊർജവകുപ്പും കെ.എസ്.ഇ.ബിയും ആവർത്തിക്കുന്ന വാദം. ലോഡ് ക്രമാതീതമാകുമ്പോൾ സ്വയം വിതരണ സംവിധാനം തടസ്സപ്പെടുന്നതാണെന്ന ഔദ്യോഗിക വിശദീകരണം കെ.എസ്.ഇ.ബി നടത്തുമ്പോൾ ദിവസവും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായി ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന താപനിലമൂലം വൈദ്യുതിയില്ലാതെ ഒരു നിമിഷംപോലും കഴിച്ചുകൂട്ടാനാവാത്ത സ്ഥിതിയുള്ളതിനാൽ അപ്രഖ്യാപിത നിയന്ത്രണത്തിനെതിരെ ജനരോഷം ശക്തമാണ്.
ലോഡ് ഷെഡിങ് മൂലമുള്ള ദുരിതം ചെറുതല്ലെങ്കിലും കൃത്യമായ സമയമുണ്ടായിരുന്നതിനാൽ മുന്നൊരുക്കം നടത്താൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, വൈകീട്ട് ഏഴിനും പുലർച്ച രണ്ടിനുമിടയിൽ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ചില സർക്കിളുകൾ അറിയിപ്പ് നൽകുന്നത്. ഇത്തരത്തിലുള്ള സമയ വ്യക്തതയില്ലാത്ത അറിയിപ്പുകൾ ഉപഭോക്താക്കളുടെ ‘ഉറക്കം കെടുത്തുന്നു’.
11 കെ.വി ലൈനുകളേറെയും താങ്ങാവുന്നതിലധികം ലോഡിലൂടെയാണ് കടന്നുപോവുന്നതെന്നും ഇതു നിയന്ത്രിക്കാതെ വഴിയില്ലെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ശനിയാഴ്ചയിലെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 112.525 ദശലക്ഷം യൂനിറ്റായിരുന്നു. നിയന്ത്രണങ്ങൾക്കിടെയും പീക്ക് സമയ ഉപയോഗം 5754 മെഗാവാട്ടിലെത്തി. പീക്ക് സമയത്ത് 1581 മെഗാവാട്ടാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.