'മരണം വരെ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും'; വിവാദം കത്തുന്നതിനിടെ പി.വി അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വലിയ വിവാദമാകുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ എം.എൽ.എ. മരണം വരെ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം കുറിച്ചു.

പാർട്ടി അംഗത്വമില്ല, പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഉണ്ട്. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്നും പി.വി അൻവർ വ്യക്തമാക്കി.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളാതെ കേരളത്തിലെ പാർട്ടിയെയും സർക്കാറിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് വകുപ്പിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അജിത് കുമാറിന് പ്രത്യേക സംവിധാനമുണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹം ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിക്കുന്നുണ്ട്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ തലത്തിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചാലേ സാധിക്കൂവെന്നും അൻവർ വിശദീകരിച്ചു.

കാര്യങ്ങൾ നിയന്ത്രിക്കാൻ അജിത് കുമാര്‍ അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തലാണ്. അജിത് കുമാറിന്റെ വീട് കേന്ദ്രീകരിച്ച് ഇടപാടുകൾ നടക്കുന്നുണ്ട്. അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകളും തന്റെ പക്കലുണ്ട്. ഇത് സംബന്ധിച്ച് വിശദീകരിക്കാൻ വാദിയും പ്രതിയും നിങ്ങളുടെ മുന്നില്‍ വരും. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന കോഴിക്കോട്ടെ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - pv anvar adgp mr ajith kumar controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.