അൻവറിന്റെ ആരോപണം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി, ഡി.ജി.പിയോട്​​ റിപ്പോർട്ട്​ തേടി

കൊച്ചി: പൊലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയൻ.

ചോദ്യങ്ങൾക്ക് മറുപടി പ്രതീക്ഷിച്ചെങ്കിലും എല്ലാം ചിരിയിലൊതുക്കി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ‘0484’ എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

അതേസമയം, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടി. 

ഞായറാഴ്ച ​വൈകീട്ട്​ ചേർന്ന ഐ.പി.എസ് ഉദ്യോ​ഗസ്ഥരുടെ അടിയന്തര യോഗത്തിൽ മുഖ്യമന്ത്രിക്ക് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച നടന്നതായാണ് സൂചന.

ഇതിനിടെ, എ.ഡി.ജി.പി അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് ഡി.ജി.പിക്ക് പരാതി സമർപ്പിച്ചു. അജിത് കുമാർ സ്ഥാനത്ത് തുടർന്നാൽ തെളിവുകൾ നശിപ്പിച്ചേക്കാമെന്നാണ് പരാതിയിൽ പറയുന്നത്.

അൻവറിന്‍റെ പ്രതിഷേധവും മലപ്പുറം മുൻ എസ്.പിയുടെ ആദ്യ ശബ്ദസന്ദേശവും പുറത്തുവന്ന ശേഷം ശനിയാഴ്ച എ.ഡി.ജി.പി അജിത് കുമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എ.ഡി.ജി.പിയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എൽ.എ വീണ്ടും രംഗത്തെത്തിയത്. രൂക്ഷമായ ആരോപണങ്ങൾ ഉയർന്ന ഞായറാഴ്ച എ.ഡി.ജി.പി പ്രതികരിക്കാൻ തയാറായില്ല. തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങൾ വിശദീകരിച്ചേക്കും.

തനിക്കെതിരെയുള്ള പരാമർശങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.ആർ. അജിത്കുമാർ ആഭ്യന്തരവകുപ്പിനും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ നാലു പരാതികൾ ഡി.ജി.പിക്ക് ഇ-മെയിൽ വഴിയും ലഭിച്ചിട്ടുണ്ട്. ഉടൻ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശബ്ദരേഖ തെളിവാക്കി ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്കു സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാം. അതിനാലാണ് സർക്കാർ ഉടൻ ഇടപെടുന്നത്.

Tags:    
News Summary - Anwar MLA Allegation; The Chief Minister did not respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.