വിട പറഞ്ഞത് ജന്മിത്വത്തിനെതിരെ കലാപം ഉയർത്തിയ ഗദ്ദികക്കാരൻ

കോഴിക്കോട് : വിട പറഞ്ഞത് ജന്മിത്വത്തിനെതിരെ കലാപം ഉയർത്തിയ ഗദ്ദികക്കാരൻ. മലയാള നാടകവേദിയിൽ പുതിയൊരു രാഷ്ട്രീയ സന്ദേശവുമായിട്ടാണ് കെ.ജെ. ബേബി നാടുഗദ്ദിക അവതരിപ്പിച്ചത്. ആദിവാസികളുടെ കാഴ്ചപ്പാടിലാണ് രാഷ്ട്രീയ ചരിത്രത്തെ നാടകത്തിൽ ആവിഷ്കരിച്ചത്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജനകീയസാംസ്കാരിക വേദിയിലാണ് നാടുഗദ്ദിക അവതരിപ്പിച്ചത്. കവി സച്ചിദാനന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, ജെ. ജി ശങ്കരപിള്ള, ബി.രാജീവൻ തുടങ്ങിവരൊക്കെ അക്കാലത്ത് സാംസ്കരിക വേദിയുടെ ഭാഗമായിരുന്നു.

ഗോത്രഗീതങ്ങളും ഗോത്ര ഐതിഹ്യങ്ങളും കെ.ജെ. ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബേബി നാടുഗദ്ദിക എഴുതുന്നത്. ഗദ്ദിക വയനാട്ടിലെ ആദിവാസികൾക്കിടയിലെ ഒരു മന്ത്രവാദച്ചടങ്ങാണ്. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുന്നതിനായി നടത്തുന്ന അനുഷ്ഠാനമാണിത്. നാടിനായി നടത്തുന്ന ഗദ്ദിക എന്ന അർഥത്തിലാണ് നാടുഗദ്ദിക എന്ന പേരു വന്നത്. ഈ നാടോടി അനുഷ്ടാനത്തെ രാഷ്ട്രീയ ദിശാബോധം നൽകുന്ന കലാരൂപമായി ആവിഷ്കരിക്കാൻ ബേബിക്കു കഴിഞ്ഞു.

ഒരു ഗദ്ദികക്കാരൻ അടിയാന്മാരെ ജന്മിക്കെതിരെ ബോധവാനാക്കുന്നതിയിരുന്നു നടകത്തിന്റെ ഇതി വൃത്തം. അടിയോർ കൂടുതൽ കൂടുതൽ മർദ്ദനവിധേയരാക്കപ്പെടുന്നതും, അവരുടെ തമസ്കരിക്കാനാകാത്ത പോരാട്ടവീര്യത്തിന്റെ ഉയർത്തെഴുന്നേല്പുമാണ് നാടകത്തിൽ അവതരിപ്പിച്ചത്. നാടകാന്ത്യത്തിൽ കൊലചെയ്യപ്പെട്ട ഗദ്ദികക്കാരന്റെ ഉടയാട പുതിയൊരു ഗദ്ദികക്കാരൻ എടുത്തണിയുന്നു. അയാളുടെ നേതൃത്വത്തിൽ അടിയോർ വാഗ്ദത്തഭൂമിയിലേക്ക് മഹാപ്രസ്ഥാനം നടത്തുന്നു. ഗദ്ദികക്കാരന്റെ പന്തവും ഉടുക്കിന്റെ താളത്തിലുള്ള ചലനങ്ങളും നടകത്തെ മികച്ച കലാരൂപമാക്കി.

നടന്മാർ ഏറെയും വയനാട്ടിലെ ആദിവാസികളായിരുന്നു. ഗദ്ദികക്കാരനായ ബേബിയും തമ്പ്രാൻ വേഷക്കാരനും മാത്രമായിരുന്ന ആദിവാസികൾ അല്ലാത്തവർ. ബാധ ഒഴിപ്പിക്കുന്ന ഒരു ആദിവാസി ആചാരത്തെ രൂപകമാക്കി ആദിവാസികൾ തന്നെ അവരുടെ സാമൂഹിക- രാഷ്ട്രീയ ചരിത്രം അവതരിപ്പിക്കുകയായിരുന്നു. വിമോചന സ്വപ്നങ്ങളായിരുന്നു നാടകത്തിലെ സംഭാഷണങ്ങൾ. ആധുനിക് ജനാധപത്യം ആദിവാസികളെ എങ്ങനെ ചൂഷണവ്സതുവാക്കിയെന്ന് നാടകം വ്യക്തമാക്കി. പൊതു സമൂഹത്തിനെതിരെ ഗദ്ദികക്കാരൻ തീപ്പന്തം ഉയർത്തിപ്പിടിച്ചു. ആദിവാസികൾക്കെതിരെ നടക്കുന്ന നിരന്തര ചൂഷണത്തിന്റെ ദൃശ്യാവിഷ്കരാമായിരുന്നു നാടകം. ഈണങ്ങളും വാദ്യങ്ങളും കാടിന്റെ മക്കൾക്ക് സ്വന്തമായ പാട്ടുകളുടേതും തുടികൊട്ടിന്റേതുമായിരുന്നു. മലയാള നാടകവേദിയിൽ ഒരത്ഭുതമായിരുന്നു അന്ന് ഈ നാടകം. നക്സലേറ്റുകൾ മുന്നോട്ടുവെച്ച് രാഷ്ട്രീയത്തിന്റെ ആശയ പ്രചാരണത്തിനാണ് നാടുഗദ്ദിക തെരുവിൽ അരങ്ങേറിയത്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും ഇത്തരമൊരു നാടകം പിൽക്കാലത്ത് ഉണ്ടായിട്ടില്ല.

വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയായിരുന്നു 18 കലാകാരന്മാരെ അണിനിരത്തി നാടുഗദ്ദിക ആദ്യം അവതരിപ്പിച്ചത്. 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവെച്ച്, നാടകത്തിന്റെ സംഘാടകരെ പൊലീസ് അറസ്റ്റുചെയ്തു. മലയാള നാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപമായിരുന്നു ഒരർഥത്തിൽ നാടുഗദ്ദിക. മലയാളത്തിലെ ആദ്യകാല ആദിവാസി ഇടപെടലായിരുന്നു നാടകം. ആദിവാസികൾക്ക് വേണ്ടിയാണ് അദ്ദേഹം പിൽക്കാലത്ത് കനവ് എന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയത്.

2001 ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങിയപ്പോൾ അതിന്റെ പ്രചാരണത്തിനായി കെ.ജെ. ബേബി കനവിലെ വിദ്യാർഥികളും തിരുവനന്തപുരത്തെത്തി. സമരം പ്രചാരണത്തിനായി തെരവുകളിൽ പാട്ടുപാടിയും സാംസ്കാരിക പരാപാടികൾ അവതരിപ്പിക്കുയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ നാട്....എൻവീട്.....വയനാട് എന്ന പാട്ട് തുടികൊട്ടിപ്പാടി സമരത്തിന് വലിയ വേലിയറ്റം ഉയർത്തി.  

Tags:    
News Summary - Gaddikakaran, who raised a rebellion against birth, said goodbye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.