തിരുവനന്തപുരം: ദീർഘകാല കരാറുകൾ ഊർജ മേഖലയിലെ മാറ്റങ്ങൾ മനസ്സിലാക്കിവേണമെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ. 500 മെഗാവാട്ടിന്റെ ദീർഘകാല കരാറിൽ ഏർപ്പെടുന്നതിന് അനുമതി തേടി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിലുള്ള തെളിവെടുപ്പിലാണ് കമീഷൻ നിർദേശം. 15 വർഷത്തേക്ക് കരാറിലേർപ്പെടുമ്പോൾ വരും വർഷങ്ങളിൽ വൈദ്യുതി മേഖലയിൽ വരാനിടയുള്ള മാറ്റങ്ങളും പഠനവിധേയമാക്കണം.
സോളാർ വൈദ്യുതോൽപാദനത്തിലെ വർധനയും ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വിപുലമാകാനിടയുള്ളതും പരിശോധിക്കേണ്ടതുണ്ട്. ബാറ്ററി വില കുറയാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് വരുന്നത്. പകൽ സമയത്തെ വൈദ്യുതി രാത്രിയിലേക്ക് ശേഖരിക്കാൻ കഴിയുന്ന ബാറ്ററി ഉൽപാദനവും ഉപയോഗവും വർധിക്കുന്നത് ഊർജമേഖലയിൽ മാറ്റങ്ങൾക്ക് കാരണമാവും.
ഇതെല്ലാം നിലവിലെ നിരക്കിൽ നിന്നും വൈദ്യുതിയുടെ വില കുറയുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. ഇപ്പോഴത്തെ നിരക്കിൽ ദീർഘകാല കരാറുകളിൽ ഏർപ്പെടുമ്പോൾ ഇത്തരം ഘടകങ്ങളെല്ലാം പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നും കമീഷൻ ഓർമിപ്പിച്ചു.
വേനൽക്കാലത്തെ വൈദ്യുതി ആവശ്യകത മുന്നിൽ കണ്ടുളള ഹ്രസ്വകാല കരാറുകൾക്ക് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. നിലവിലെ ഹ്രസ്വകാല കരാറുകളെക്കാൾ വിലകുറഞ്ഞ വൈദ്യുതി ലഭ്യതക്ക് ദീർഘകാല കരാറുകളുടെ അനിവാര്യത കമീഷന് നൽകിയ അപേക്ഷയിൽ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.