അരീക്കോട്: അരീക്കോട് സ്പെഷൽ ഓപറേഷൻ ഗ്രൂപ് ക്യാമ്പിൽ കമാൻഡോ വിനീത് ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം ക്യാമ്പിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെത്തിയ സംഘം വിനീതിന് ക്യാമ്പിൽ തൊഴിൽപീഡനം നേരിട്ടോ അവധി നിഷേധിച്ചോ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
ഫോറൻസിക് സർജൻ ഡോ. ഹിതേശ് ശങ്കറും ക്യാമ്പിൽ പരിശോധന നടത്തി. വിനീത് ആത്മഹത്യ ചെയ്ത ശുചിമുറിയും പരിശോധിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അരീക്കോട്ടെ സ്പെഷൽ ഓപറേഷൻ ക്യാമ്പിലെ ശുചിമുറിയിൽ വിനീതിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. റിഫ്രഷ്മെന്റ് കോഴ്സിന്റെ ഭാഗമായാണ് വിനീത് അരീക്കോട്ട് എത്തിയത്. വിനീത് മൂന്നു ദിവസം നാട്ടിലേക്കു പോയി തിരിച്ചെത്തിയപ്പോഴാണ് 10 പേരും പരാജയപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് പുതിയ കോഴ്സിന് ചേരാനായിരുന്നു മേലുദ്യോഗസ്ഥരുടെ ഉത്തരവ്. ഇതു കാരണം ഗർഭിണിയായ ഭാര്യയുടെ ചികിത്സ ഉൾപ്പെടെ മുടങ്ങുമെന്ന ആശങ്കയാണ് വിനീതിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. അതേസമയം, വിനീതിന്റെ മരണവുമായി ബന്ധപ്പെട്ട് അരീക്കോട് സ്പെഷൽ ഓപറേഷൻ ഗ്രൂപ് അസി. കമാൻഡോ അജിത്തിനെ സ്ഥലംമാറ്റുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.