കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസിന്റെ മൃതദേഹം ചൊവ്വാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ഉരുളൻതണ്ണി മാർത്തോമാ പള്ളിയിൽ അന്ത്യശുശ്രൂഷകൾക്കുശേഷം വൈകീട്ട് മൂന്നോടെ ചേലാടുള്ള സെമിത്തേരിയിലായിരുന്നു സംസ്കാരം. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം കോതമംഗലത്തും ഉരുളൻതണ്ണിയിലും നിലയുറപ്പിച്ചിരുന്നു. എൽദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയുടെ ചെക്ക് സഹോദരി ലീലാമ്മക്ക് എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് കൈമാറി.
കൊച്ചിയിലെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ആർ.ടി.സി ബസിൽ ഉരുളൻതണ്ണിയിൽ ഇറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് 250 മീറ്റർ മാറി ക്ണാച്ചേരി അമ്പലത്തിന് സമീപത്തായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറാണ് എൽദോസിന്റെ മൃതദേഹം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞില്ല.
ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ സ്ഥലത്തെത്തിയ ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വാർഡ് അംഗം ജോഷി പൊട്ടക്കൽ തുടങ്ങിയവരുമായി ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയ ശേഷമാണ് രണ്ടുമണിയോടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആറുമണിക്കൂറോളം നീണ്ട പ്രതിഷേധം കലക്ടർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും കോതമംഗലത്തും ജനകീയമുന്നണി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. കുട്ടമ്പുഴയിൽ ഹർത്താൽ പൂർണമായിരുന്നു. വൈകീട്ട് കോതമംഗലത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടന്നു. വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏലിയാസ് മോർ യൂലിയോസ്, മാർക്കോസ് മോർ ക്രിസോസ്റ്റമോസ് എന്നിവർ നേതൃത്വം നൽകി. എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, വിവിധ രാഷ്ട്രീയ സാമൂഹിക മതനേതാക്കൾ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ചു.
മുന്നിൽ കലിപൂണ്ട കാട്ടാന; ഞെട്ടൽ മാറാതെ സുരേഷ്
കോതമംഗലം: കുട്ടമ്പുഴയിൽ ചൊവ്വാഴ്ച പുലർച്ചെ എൽദോസിനെ കൊലപ്പെടുത്തിയ ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ഞെട്ടലിലുമാണ് ഓട്ടോ ഡ്രൈവർ കുളക്കാട്ടിൽ കെ.എൻ. സുരേഷ്. ആന പാഞ്ഞടുത്തതോടെ മരണം മുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മോചിതനാകാൻ സുരേഷിന് കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരം 7.45 ഓടെ ഉരുളൻതണ്ണിയിൽ നിന്ന് ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങി വരുമ്പോഴാണ് എൽദോസിനെ കൊലപ്പെടുത്തിയ ആന ഓട്ടോക്ക് നേരെ പാഞ്ഞടുത്തത്. വാഹനം മുന്നോട്ടെടുക്കാതെ ഹെഡ് ലൈറ്റ് തെളിച്ച് നിർത്തിയതോടെ ആന തിരിഞ്ഞ് നടന്നെങ്കിലും വീണ്ടും പാഞ്ഞടുത്തു.
ഈ സമയം ജീവഭയത്തോടെ സുരേഷ് ഓട്ടോ പിന്നോട്ടെടുത്തു. പിന്നീട് വീടിന് സമീപത്തെത്തി മറ്റ് രണ്ട് ഓട്ടോറിക്ഷയും സുഹൃത്തുക്കളുമായെത്തിയപ്പോഴാണ് റോഡ് വക്കിൽ ഒരാൾ വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ 200 മീറ്റർ അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെയും വാർഡ് അംഗം ജോഷി പെട്ടക്കലിനെയും നാട്ടുകാരെയും കൂട്ടി സ്ഥലത്തെത്തി. അപ്പോഴാണ് ഛിന്നഭിന്നമായ മൃതദേഹം അയൽവാസിയായ എൽദോസിന്റേതാണെന്ന് തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.