തിരുവനന്തപുരം: പ്രതിമാസ വരുമാനത്തിൽനിന്ന് 34 ശതമാനത്തോളം വൈദ്യുതി ചാർജ് ഇനത്തിൽ പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിന് ജല അതോറിറ്റിക്ക് എതിർപ്പ്. വെള്ളക്കരം കൂട്ടിയ സാഹചര്യത്തിൽ അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിൽനിന്ന് കുടിശ്ശികയടക്കം ഈടാക്കാനാണ് കെ.എസ്.ഇ.ബി നീക്കം. എന്നാൽ, വലിയ സാമ്പത്തിക ബാധ്യതയിൽകൂടി കടന്നുപോകുന്ന സാഹചര്യമാണെന്നും 10 ശതമാനത്തിൽ കൂടുതൽ വരുമാനം എല്ലാ മാസവും നൽകുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ജല അതോറിറ്റി നിലപാട്.
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥതല ചർച്ച നടന്നെങ്കിലും എത്ര ശതമാനം തുക കൈമാറണമെന്നതിൽ തീരുമാനമായില്ല. നിശ്ചിത ശതമാനം തുക കെ.എസ്.ഇ.ബിക്ക് കൈമാറാൻ നവംബർ ഒന്നു മുതൽ എസ്ക്രോ (escrow) അക്കൗണ്ട് ആരംഭിക്കാൻ ധന വകുപ്പ് ഒക്ടോബർ 30നാണ് ജല അതോറിറ്റിക്ക് നിർദേശം നൽകിയത്. വൈദ്യുതി ഉപയോഗിച്ചതിന് ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശികതുക 1692 കോടി രൂപയാണ്. 2015ൽ കുടിശ്ശിക തീർക്കാൻ 25 ശതമാനം വരുമാനം എല്ലാ മാസവും പ്രത്യേക അക്കൗണ്ടിലൂടെ കൈമാറാൻ ധാരണ ഉണ്ടാക്കിയിരുന്നെങ്കിലും ജല അതോറിറ്റി തുടർനടപടി സ്വീകരിച്ചില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.