മാനന്തവാടി: കൊലയാളി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ആറാംദിനവും വിജയിച്ചില്ല. വ്യാഴാഴ്ച രാത്രി 10.30ഓടെ പനവല്ലി ആദണ്ഡ ഭാഗത്ത് ജനവാസ മേഖലയിലെത്തിയ ആന പനവല്ലി അയ്യാസ് വീട്ടില്‍ ഷണ്മുഖന്റെ പറമ്പിലെ കുളത്തില്‍നിന്ന് വെള്ളം കുടിച്ച ശേഷം മൂന്നുമണി വരെ ഈ വനമേഖലയില്‍ നിലയുറപ്പിച്ചു.
ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ വനം വകുപ്പ് പ്രദേശത്ത് രാത്രി അനൗണ്‍സ്മെന്റ് നടത്തി. വെള്ളിയാഴ്ച രാവിലെയോടെ തൊട്ടടുത്ത പ്രദേശമായ എമ്മടി വനമേഖലയിലേക്ക് കാട്ടാന നീങ്ങി. റേഡിയോ കോളറില്‍നിന്ന് സിഗ്നലുകള്‍ ലഭിച്ചതനുസരിച്ച് കേരള കർണാടക സംയുക്ത ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
സിഗ്നലുകള്‍ അടിസ്ഥാനമാക്കി നീങ്ങിയെങ്കിലും ഉച്ചയോടെ ആദണ്ഡ പാണ്ടുരംഗ വഴി വനത്തിനുള്ളിലേക്ക് നീങ്ങി.
ഉച്ചക്ക് ശേഷം 2.50ഓടെ മാനിവയല്‍ അമ്മക്കാവ് പ്രദേശത്ത് സിഗ്നലുകള്‍ ലഭിച്ചെങ്കിലും ആന കാണാമറയത്തുതന്നെ തുടര്‍ന്നു. ഇടതൂര്‍ന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിന് തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്.
മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് കൊലയാളി ആനക്കായി തിരച്ചില്‍ നടത്തുന്നത്.
കുങ്കിയാനകളുടെയും ഡ്രോണ്‍ കാമറകളുടെയും സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ആറു മുതല്‍ 11 വരെ വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. രാത്രികാല നിരീക്ഷണം ശക്തമാക്കാനും ദൗത്യം ശനിയാഴ്ച രാവിലെ തുടങ്ങാനുമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.