ശ്രീകണ്ഠപുരം: 39 വർഷങ്ങൾക്കുശേഷം കെ.സി. ജോസഫ് ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇരിക്കൂർ മണ്ഡലം. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ഒരുമണ്ഡലത്തെ ഏറ്റവും കൂടുതല്‍കാലം പ്രതിനിധാനംചെയ്ത കോണ്ഗ്രസുകാരന് എന്ന റെക്കോഡോടെ കെ.സി മടങ്ങുന്നത്.
പകരക്കാരനായെത്തുന്നതാവട്ടെ അഡ്വ. സജീവ് ജോസഫ്. അതും ഗ്രൂപ്പുപോരിനൊടുവിൽ മാത്രം. ഞായറാഴ്ച ശ്രീകണ്ഠപുരത്ത് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.സി. ജോസഫിെൻറ യാത്രയയപ്പ് സമ്മേളനം കൂടിയായിമാറി. അതുകൊണ്ടുതന്നെ കെ.സി. ജോസഫ് വികാരാധീനനായാണ് സംസാരിച്ചതും.
39 വർഷം തന്നെ സ്നേഹിച്ച് ജനപ്രതിനിധിയാക്കിയ ഇരിക്കൂറിലെ ജനത എെൻറ എല്ലാമാണ്. ഇരിക്കൂർ എെൻറ മണ്ണാണ്. കോട്ടയത്തുനിന്ന് ആദ്യമായി ഇവിടെയെത്തിയപ്പോൾ പരിചയമുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും, നിങ്ങളെന്നെ നെഞ്ചേറ്റി. ഇത്രയുംകാലത്തെ സ്നേഹം എന്നും മനസ്സിലുണ്ടാവും.
ഒരു പേരുദോഷംപോലും കേൾപ്പിക്കാതെ വികസനസ്വപ്നങ്ങൾ നടപ്പാക്കിയാണ് ഞാൻ പടിയിറങ്ങുന്നതെന്നതിൽ നിങ്ങൾക്കും എനിക്കും അഭിമാനമുണ്ടെന്നും ഇരിക്കൂറിലെ ഓരോ മുഖവും മനസ്സിലുണ്ടെന്നും പറഞ്ഞാണ് കെ.സി. ജോസഫ് പ്രസംഗം നിർത്തിയത്.
തുടർന്ന് സംസാരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പിയും കെ.സി. ജോസഫിെൻറ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. 1982ലാണ് സ്വന്തം നാടായ കോട്ടയത്തുനിന്ന് കെ.സി. ജോസഫ് മലബാർ എക്സ്പ്രസിൽ ആദ്യമായി ഇരിക്കൂറിലെത്തുന്നത്.
കെ.സി വരുന്നതിനുമുമ്പ് 1977ൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ വിജയിച്ചതൊഴിച്ചാൽ ഇടത്തോട്ടുമാത്രം ചാഞ്ഞിരുന്ന മണ്ഡലമായിരുന്നു ഇരിക്കൂർ. 1957ൽ രൂപവത്കരിച്ച മണ്ഡലത്തിൽ സി.പി.ഐയിലെ ടി.സി. നാരായണൻ നമ്പ്യാരായിരുന്നു ആദ്യ എം.എൽ.എ. പിന്നീട് ഇ.പി. കൃഷ്ണൻ നമ്പ്യാരും എ. കുഞ്ഞിക്കണ്ണനും വിജയിച്ച് ഇരിക്കൂറിലെ ഇടതുകോട്ട നിലനിർത്തി.
1970ൽ വിജയിച്ച സി.പി.എമ്മിെൻറ എ. കുഞ്ഞിക്കണ്ണെൻറ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ഇ.കെ. നായനാരും ഇരിക്കൂറിെൻറ എം.എൽ.എയായി. 1977ൽ കോൺഗ്രസിെൻറ സി.പി. ഗോവിന്ദൻ നമ്പ്യാരും 1980ൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എം.എൽ.എമാരായി. ഇടതുപക്ഷത്തിെൻറ ഭാഗമായിരുന്ന കോൺഗ്രസ് (യു) പ്രതിനിധിയായിരുന്നു അന്ന് കടന്നപ്പള്ളി.
1982 മുതൽ കെ.സി. ജോസഫ് തുടർച്ചയായി എട്ടുതവണ ഇവിടെനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആൻറണി വിഭാഗത്തിെൻറ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരിക്കുമ്പോഴാണ് കെ.സി. ജോസഫ് സ്ഥാനാർഥിയായി ഇരിക്കൂറിൽ എത്തുന്നത്. ആദ്യ മത്സരത്തിൽ 9224 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇടതുതരംഗമുണ്ടായ 2006ൽ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിന് താഴെപ്പോയത് 1831 വോട്ട്. മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഏഴായിരത്തിനും പതിനേഴായിരത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിച്ചു. 2011-2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയുമായി.
ഇതിനിടെ ഇരിക്കൂർ ഇടതുപക്ഷത്തിെൻറ ബാലികേറാമലയായി തീർന്നിരുന്നു. 2008ലെ മണ്ഡല പുനർനിർണയത്തിൽ ഇടത് ശക്തികേന്ദ്രങ്ങളായ മലപ്പട്ടവും പടിയൂരും പറിച്ചുമാറ്റിയതോടെ ഇരിക്കൂർ യു.ഡി.എഫിെൻറ ഉരുക്കുകോട്ടയായി മാറി.
കെ.സിയെ തളയ്ക്കാൻ മൂന്നു തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനെയും രണ്ട് തവണ സി.പി.ഐയും ഒരു തവണ ജനതാ പാർട്ടിയെയും ഇറക്കി ഇടതുപക്ഷം പോരാടിയെങ്കിലും ഫലംകണ്ടില്ല. രണ്ടു തവണ സി.പി.എം ജെയിംസ് മാത്യുവിനെ ഇറക്കി മത്സരിച്ചെങ്കിലും കെ.സി വിജയം തുടർന്നുകൊണ്ടിരുന്നു.
ഇരിക്കൂറിനെ എക്കാലത്തും യു.ഡി.എഫിെൻറ ഉറച്ചകോട്ടയാക്കി മാറ്റി കെ.സി. പടിയിറങ്ങുമ്പോൾ അത് മറ്റൊരു ചരിത്രം.
1982- എസ്.കെ. മാധവൻ (ജനത പാർട്ടി) - 9224
1987- ജെയിംസ് മാത്യു (സി.പി.എം) - 7476
1991- ജോർജ് സെബാസ്റ്റ്യൻ (കേരള കോൺ. ജോസഫ്) - 16,748
1996- എൻ.ജെ. ജോസഫ് (കേരള കോൺ. ജോസഫ്) - 17,832
2001- മേഴ്സി ജോൺ (കേരള കോൺ. ജോസഫ്) - 16,904
2006 - ജെയിംസ് മാത്യു (സി.പി.എം) - 1831
2011 - പി. സന്തോഷ് കുമാർ (സി.പി.ഐ) - 11,757
2016- കെ.ടി. ജോസ് (സി.പി.ഐ) -9647
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.