മലപ്പുറം: ശൈശവ വിവാഹം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച 17കാരിയെ തിരൂർ ആർ.പി.എഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) രക്ഷപ്പെടുത്തി. താനൂർ സ്വദേശിനിയായ പെൺകുട്ടിയുടെ നിക്കാഹ് ഒരുവർഷം മുമ്പാണ് കഴിഞ്ഞത്. പത്താം ക്ലാസുവരെ പഠിച്ച കുട്ടിക്ക് വിവാഹം ഉറപ്പിച്ച ശേഷം പഠിക്കാൻ സാധിച്ചിരുന്നില്ല.
തിങ്കളാഴ്ച വൈകീട്ടാണ് വീട് വിട്ടിറങ്ങി, രാത്രി എട്ടോടെ റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുന്ന ദൃശ്യം ആർ.പി.എഫ് ഓഫിസിലെ സി.സി.ടി.വിയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ട്രെയിൻ എത്തുന്ന സമയമായിട്ടും കുട്ടി ട്രാക്കിലൂടെ നടന്നു പോകുന്നത് ശ്രദ്ധിച്ച ഉദ്യോഗസ്ഥർ എസ്.ഐ സുനിലിന്‍റെ നേതൃത്വത്തിൽ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിവാഹത്തിന് പ്രേരിപ്പിച്ച കുട്ടിയുടെയും പ്രതിശ്രുത വരന്റെയും കുടുംബത്തിനെതിരെ കേസെടുക്കാൻ ചൈൽഡ് ലൈൻ അധികൃതർ നിർദേശം നൽകി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിശ്രുത വരനെതിരെ പോക്സോ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.