കാസർകോട്: എൻഡോസൾഫാൻ ബാധിതയായ പെൺകുട്ടിയുടെ കഴുത്തിൽ റിബൺ മുറുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കാൻ കാരണം എൻഡോസൾഫാൻ ബാധിതർക്കുള്ള സഹായം ലഭിക്കാത്തതുകൊണ്ടല്ലെന്ന് ജില്ല കലക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പനത്തടി ചാമുണ്ഡിക്കുന്നിൽ താമസിച്ചിരുന്ന വിമലകുമാരിയും മകൾ രേഷ്മയുമാണ് മരിച്ചത്. രേഷ്മ (28) എൻഡോസൾഫാൻ ബാധിതയായിരുന്നു. വിമലകുമാരിയുടെ രണ്ട് ആൺ മക്കൾ ദൂരെയാണ് താമസം. 2013 മുതൽ കോവിഡ് കാലം വരെ രേഷ്മ ബിരിക്കുളത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിൽ താമസിച്ച് പഠിക്കുകയായിരുന്നു. പിന്നീട് രേഷ്മ സ്കൂളിലേക്ക് മടങ്ങാൻ തയാറായില്ല. കുറച്ചു നാളായി രേഷ്മ അമ്മ ഉൾപ്പെടെയുള്ളവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മകൾ ഉള്ളതു കാരണം അമ്മക്ക് സ്കൂൾ പാചക ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ജൂൺ ഒന്നിന് സകൂൾ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻഡോസൾഫാൻ സഹായമായ അഞ്ചു ലക്ഷം രൂപ ഇവർക്ക് നൽകിയിരുന്നു. പ്രതിമാസ സഹായവും വികലാംഗ പെൻഷനും അമ്മക്ക് വിധവ പെൻഷനും നൽകിയിട്ടുണ്ട്. എൻസോസൾഫാൻ ബാധിതർക്കായി കാസർകോട് കലക്ടറേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുരിതബാധിതർക്ക് ആവശ്യമുള്ള സഹായം സെൽ വഴി നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.