മലപ്പുറം: മാറുന്ന കാലത്തിനൊപ്പം കുട്ടികളെ പ്രാപ്തരാക്കാൻ അംഗൻവാടികളും ഒരുങ്ങുന്നു. പരമ്പരാഗത വിദ്യാഭ്യാസരീതിക്കൊപ്പം മറുഭാഷ പഠനമാണ് ആദ്യ ചുവട്. അടിസ്ഥാന സൗകര്യമുള്ള അംഗൻവാടികളിൽ ഇംഗീഷ് പഠനവും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഒാരോ അംഗൻവാടികളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഇവ വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കും. അനുയോജ്യമായവ കണ്ടെത്താൻ സാമൂഹികനീതി ഡയറക്ടർ ജില്ല ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു. സ്വന്തം കെട്ടിടം, കളിയിടം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഉള്ളവയെയാണ് പരിഗണിക്കുക. ഒക്ടോബർ 31നകം ഇവ കണ്ടെത്തണം.
സംയോജിത ശിശുവികസന സേവന പദ്ധതി (െഎ.സി.ഡി.എസ്) മിഷൻ പ്രകാരമാണ് നടപടി. അംഗൻവാടികൾ പ്രീസ്കൂൾ കുട്ടികളെ സ്കൂൾ പ്രവേശനത്തിന് സജ്ജരാക്കുന്ന കേന്ദ്രങ്ങളാക്കൽ മിഷെൻറ ലക്ഷ്യങ്ങളിലൊന്നാണ്. കുട്ടികൾക്ക് വിവിധ ഭാഷകൾ പഠിപ്പിക്കാനും മിഷൻ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര സർക്കാറിെൻറ 2013ലെ ബാല്യകാല സംരക്ഷണ വിദ്യാഭ്യാസ (ഇ.സി.സി.ഇ) പോളിസിയിലും ഒന്നിൽ കൂടുതൽ ഭാഷ പഠിപ്പിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവ കണക്കിലെടുത്താണ് സാമൂഹിക നീതി വകുപ്പ് മാറ്റത്തിന് തയാറെടുക്കുന്നത്. ഇതിനായി പ്രത്യേക സിലബസ് രൂപവത്കരിക്കും. ‘അങ്കണതൈമാവ്’ സിലബസ് പ്രകാരമാണ് നിലവിൽ അംഗൻവാടികളിലെ പഠനം. മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് കളികളിലൂടെയും പാട്ടുകളിലൂടെയും ആശയങ്ങൾ കൈമാറുന്നു. മലയാളം മാത്രമാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷുകൂടി ഉൾപ്പെടുത്തി കൂടുതൽ കുട്ടികളെ അംഗൻവാടികളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.