കോഴിക്കോട്: ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ ഡയറക്ടർ ഇറക്കിയ പുതിയ ഉത്തരവിൽ പദ്ധതി നിർവഹണത്തിന് നിയമിച്ച കരാർ ജീവനക്കാർ ആശങ്കയിൽ. ഉത്തരവുപ്രകാരം, സർവേ നടപടികൾക്കായി നിയമിച്ച കരാർ ജീവനക്കാർ നിശ്ചിത ലക്ഷ്യം പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവ് വരുത്തുമെന്ന് വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം നിരവധി സമ്മർദങ്ങൾക്കടിപ്പെട്ട് ജോലിചെയ്യുന്ന സർവേർയർമാരെ പുകച്ചു പുറത്തുചാടിച്ച് സർവേ അവതാളത്തിലാക്കിയശേഷം പദ്ധതി സ്വകാര്യ ഏജൻസിക്ക് നൽകാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. കോടികൾ ചെലവഴിച്ച് സർവേ ഉപകരണങ്ങൾ വാങ്ങിയതിൽതന്നെ അഴിമതി ആരോപണം നിലനിൽക്കെയാണ് പുതിയ നീക്കം. പുതിയ ഉത്തരവ് നടപ്പാക്കിയാൽ കളംവിടാൻ ഒരുങ്ങുകയാണ് നിലവിലെ ഭൂരിഭാഗം സർവേയർമാരും. ഇതോടെ പദ്ധതിയുടെ തുടർപ്രവർത്തനം താളംതെറ്റും.
ഡയറക്ടറുടെ പുതിയ ഉത്തരവനുസരിച്ച്, കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ ഫീൽഡ് സർവേ വിവരം ശാസ്ത്രീയമായി അവലോകനം ചെയ്ത് ഓരോ ജില്ലക്കും ‘ഔട്ട് ടേൺ’ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരുദിവസം 2.6 ഹെക്ടർ ഭൂമിയാണ് സർവേ നടത്തേണ്ടത്. ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിൽ 2.9 ഹെക്ടറും ഇടുക്കിയിൽ 3.4 ഹെക്ടറും തിങ്ങിനിറഞ്ഞ കോൺക്രീറ്റ് ഘടനകളുള്ള സ്ഥലങ്ങളിൽ 2.0 ഹെക്ടറും സർവേ നടത്തണം.
മലകളും കുന്നുകളും കെട്ടിടങ്ങളും നിറഞ്ഞ പല ജില്ലകളിലും സർവേ അതിസങ്കീർണമായതിനാൽ ടാർഗറ്റ് പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. മാത്രവുമല്ല, ഫീൽഡ് ക്ലിയർ ചെയ്ത് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാവർത്തികമായിട്ടില്ല. സർവേക്ക് എത്തുമ്പോൾ ഭൂമിയുടെ അതിരുകൾ കാടുപിടിച്ച അവസ്ഥയിലായിരിക്കും. പിന്നീട് ഇത് വെട്ടിത്തെളിക്കാൻ കാത്തിരിക്കണം. സ്വാഭാവികമായും ഒരുദിവസവും ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരും. അപ്പോൾ അതിനനുസരിച്ച ശമ്പളമാണ് ലഭിക്കുക. നിലവിൽ സർവേയർക്ക് 24,950 രൂപയാണ് ശമ്പളം. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് യാത്ര ബത്തയോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നുമില്ല.
ഒരു മാസത്തെ ഔട്ട് ടേണിന്റെ ശരാശരി കണക്കാക്കി ഒരാൾ കൂടുതൽ സർവേ പൂർത്തിയാക്കുന്നുണ്ടെങ്കിൽ കൂടുതൽ വരുന്നത് അടുത്ത മാസത്തെ കുറവിൽ ചേർക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് സർവേയർമാർ പറയുന്നു. ഇപ്പോൾ തന്നെ ആഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ പല ജില്ലകളിലും വിതരണം ചെയ്തിട്ടില്ല. എന്ന് ലഭിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല. ചില റീസർവേ ഓഫിസുകൾക്ക് കീഴിലുള്ളവർ പ്രതിഷേധിച്ചപ്പോൾ അവർക്ക് ശമ്പളം ലഭിക്കുകയും ചെയ്തു.
ഡിജിറ്റൽ സർവേ നടത്താനായി വകുപ്പിലെ ജീവനക്കാർക്കു പുറമെ, 1500 സർവേയർമാരെയും 3200 ഹെൽപർമാരെയും കരാറടിസ്ഥാനത്തിൽ എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കാൻ സർവേ വകുപ്പ് തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി 1129 സർവേയർമാരെയും 1606 ഹെൽപർമാരെയും നിയമിക്കുകയും ചെയ്തു. ഇതിനകം 200 വില്ലേജുകളിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്. ഇതിൽ 32 വില്ലേജുകളുടെ ഫീൽഡ് ജോലി പൂർത്തിയാക്കി വിജ്ഞാപനമിറക്കി. 200 വില്ലേജുകളിൽ ആകെയുള്ള 3,62,217 ഹെക്ടർ ഭൂമിയിൽ 1,35,000 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.