തൃശൂർ: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതികള്‍ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റല്‍ അപേക്ഷകളിലെ നടപടികള്‍ക്ക് പുതിയ ഗതിവേഗം നല്‍കുമെന്ന് റവന്യൂമന്ത്രി കെ. രാജന്. നിലവില്‍ ഓഫ്ലൈനായും ഓണ്‍ലൈനായും ലഭിച്ച മുഴുവന്‍ അപേക്ഷയിലും ആറുമാസത്തിനകം തീർപ്പുകല്പിക്കാനാകും വിധത്തിലുള്ള പ്രവര്‍ത്തനരീതി (സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ -എസ്.ഒ.പി) ഇതിനായി സര്‍ക്കാര്‍ തയാറാക്കിയതായും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തരംമാറ്റ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയ 2022 ഫെബ്രുവരി വരെ 2,26,901 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 2,23,077 എണ്ണം തീര്‍പ്പാക്കി. 2022 ഫെബ്രുവരി മുതല്‍ ഈ സെപ്റ്റംബര്‍ വരെ 3,11,167 ഓണ്‍ലൈന്‍ അപേക്ഷകൾ ലഭിച്ചു. ഇവയില്‍ 82,528 എണ്ണം തീർപ്പായി. നിലവില്‍ പ്രതിദിനം 500ലധികം അപേക്ഷകളാണ് ഭൂമി തരംമാറ്റാൻ ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റാൻ ആർ.ഡി.ഒമാര്‍ക്ക് മാത്രമാണ് അധികാരമുണ്ടായിരുന്നത്. ആർ.ഡി.ഒമാര്‍ക്ക് ഇത്രയേറെ അപേക്ഷകള്‍ കൈകാര്യം ചെയ്യുക പ്രയാസകരമാണെന്ന് കണ്ടാണ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി അധികാരം നല്കി നിയമഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം നിലവിലെ 24 ആർ.ഡി.ഒമാര്ക്കുപുറമെ, 42 ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി തരംമാറ്റ അപേക്ഷകളില്‍ തീര്പ്പുകല്പിക്കാനാകും.
പുതിയ എസ്.ഒ.പി പ്രകാരം സബ് ഡിവിഷന് ആവശ്യമില്ലാത്ത ഭൂമി തരംമാറ്റ കേസുകളില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ ഉത്തരവ് ലഭ്യമായി 48 മണിക്കൂറിനകം ഭൂരേഖ തഹസില്‍ദാര്‍ താലൂക്ക് ഓഫിസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വില്ലേജ് ഓഫിസര്‍ക്ക് അയക്കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്നുള്ള അഞ്ച് പ്രവൃത്തിദിവസങ്ങള്‍ക്കകം വില്ലേജ് ഓഫിസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂവുടമക്ക് കരം അടക്കാന്‍ സൗകര്യമൊരുക്കണം.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്ക്കെതിെര കര്‍ശന നടപടി സ്വീകരിക്കുമെന്നും അതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ ശക്തമായ കാമ്പയിൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വേ നടപടികള്‍ വൈകുന്നത് തരംമാറ്റ ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തുെന്നന്ന് കണ്ടതിനാല്‍ ഇത് പരിഹരിക്കാൻ ഭൂമിക്ക് താല്‍ക്കാലിക സബ്ഡിവിഷന് നമ്പര്‍ നല്കി നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.