കണ്ണൂര്‍ മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥിപ്രവേശം റദ്ദാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി  മെഡിക്കല്‍കോളജിലെ പ്രവേശനടപടികള്‍ റദ്ദാക്കാന്‍ പ്രവേശപരീക്ഷാ കമീഷണര്‍ ശിപാര്‍ശ ചെയ്തു. ഇത്​ സംബന്​ധിച്ച റിപ്പോര്‍ട്ട്​ പ്രവേശപരീക്ഷാ കമീഷണര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍കോളജ്​ സ്വന്തംനിലക്കാണ്​ പ്രവേശം നടത്തിയത്​. പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ മെറിറ്റ് അട്ടിമറിച്ച് വിദ്യാര്‍ഥിപ്രവേശം നടത്തിയെന്നും ഇത് റദ്ദ് ചെയ്ത് പകരം 30പേര്‍ക്ക് പ്രവേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

കോടതിനിര്‍ദേശപ്രകാരമാണ് ഒക്ടോബര്‍ ഏഴിന് നടന്ന സ്പോട്ട് അഡ്മിഷനുശേഷം അതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രവേശപരീക്ഷാ കമീഷണര്‍ സമര്‍പ്പിച്ചത്. കമീഷണര്‍ നടത്തിയ സ്പോട്ട് അഡ്മിഷന്‍ നടപടികളോട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നിസ്സഹകരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവിന് വിരുദ്ധമായി നീറ്റ് റാങ്ക് ക്രമമില്ലാതെ അപേക്ഷകരുടെ പട്ടികമാത്രമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സ്പോട്ട് അഡ്മിഷന് ഹാജരാക്കിയത്. പ്രതിനിധിയെന്ന പേരില്‍ എത്തിയയാള്‍ കോളജ് അധികൃതര്‍ ചുമതലപ്പെടുത്തിയതായുള്ള രേഖ ഹാജരാക്കിയില്ല. ഹാജര്‍ രേഖപ്പെടുത്താനാവശ്യപ്പെട്ടെങ്കിലും പ്രതിനിധികള്‍ ഉച്ചക്ക് 12ഓടെ കൗണ്‍സലിങ് ഹാളില്‍നിന്ന് മുങ്ങി. 150 സീറ്റുകളിലേക്ക് യോഗ്യരായ 448 അപേക്ഷകള്‍ ലഭിച്ചതായാണ് കോളജ് അധികൃതര്‍ രേഖ നല്‍കിയത്. ഏഴുപേരെ അയോഗ്യരാക്കിയിരുന്നു. 150 കുട്ടികള്‍ക്ക് പ്രവേശം നല്‍കിയെന്നും ആരോഗ്യ സര്‍വകലാശാലയില്‍ അവരെ രജിസ്്റ്റര്‍ ചെയ്തെന്നുമാണ് കോളജിന്‍െറ അവകാശവാദം. പ്രവേശം നല്‍കിയ വിദ്യാര്‍ഥികളുടെ നീറ്റ് റാങ്കും റോള്‍ നമ്പറുമില്ലാത്ത പട്ടിക കേന്ദ്രീകൃത അഡ്മിഷന്‍ സമയത്ത് സമര്‍പ്പിച്ചത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജ് അധികൃതര്‍ ഹാജരാക്കിയ രേഖകളില്‍ നിരവധി കൃത്രിമങ്ങള്‍ കണ്ടത്തെി. വിദ്യാര്‍ഥികളുടെ പേരിലെ ആവര്‍ത്തനം, നീറ്റ് റാങ്കുമായി യോജിക്കാത്ത പേരുകള്‍ തുടങ്ങിയ ക്രമക്കേടുകള്‍ സൂക്ഷ്മപരിശോധനയില്‍ കണ്ടിരുന്നു. നിരസിച്ച അപേക്ഷകളുടെ വിശദവിവരവും കോളജ് ഹാജരാക്കിയില്ല. ഈ സാഹചര്യത്തില്‍ തെറ്റായ രേഖകളുമായി പ്രവേശ നടപടികളുമായി മുന്നോട്ടുപോകാനാവില്ളെന്നും പ്രവേശം അംഗീകരിക്കില്ളെന്നും പ്രവേശപരീക്ഷാ കമീഷണര്‍ കോടതിയെ അറിയിച്ചു. അപേക്ഷകരില്‍നിന്ന് നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനമാക്കി ഇവിടെ പ്രവേശം നടത്താവുന്നതാണെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്.

കോളജ് ഹാജരാക്കിയ രേഖകള്‍ പ്രകാരം 1389 അപേക്ഷകളാണ് ഓപണ്‍ ക്വോട്ടയിലേക്ക് ഓണ്‍ലൈനായി കരുണ മെഡിക്കല്‍ കോളജില്‍ ലഭിച്ചത്. മാനേജ്മെന്‍റ് ക്വോട്ടക്കായി 50ഉം എന്‍.ആര്‍.ഐ ക്വോട്ടയില്‍ 20ഉം അപേക്ഷ ലഭിച്ചിരുന്നു. കോളജിന് അനുവദിച്ച 100 സീറ്റുകളില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവേശം നടത്തിയിരുന്നത്. ജനറല്‍, മുസ്ലിം, പിന്നാക്കഹിന്ദു വിഭാഗങ്ങളില്‍ അനുവദിച്ചതിലുമധികം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതായും കണ്ടത്തെി. നീറ്റ് റാങ്ക് തെറ്റായി രേഖപ്പെടുത്തിയാണ് ചില വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയത്. ക്രമക്കേടുണ്ടെന്ന് കണ്ട 30 വിദ്യാര്‍ഥികളുടെ പ്രവേശമാണ് കമീഷണര്‍ റദ്ദാക്കിയത്. കോളജ് അധികൃതര്‍ രണ്ട് അലോട്ട്മെന്‍റുകളിലൂടെയും ഒരു സ്പോട്ട് അലോട്ട്മെന്‍റിലൂടെയും മുഴുവന്‍ സീറ്റുകളും നികത്തിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഹാജരാക്കിയ രേഖകള്‍ അപര്യാപ്തമായിരുന്നു. മതിയായ രേഖകള്‍ വൈകീട്ട് ഏഴുവരെ ഹാജരാക്കിയില്ല. കമീഷനെ തെറ്റിദ്ധരിപ്പിച്ച് നടപടികള്‍ വൈകിപ്പിക്കാന്‍ കോളജ് ശ്രമിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - entrance commissioner recommends cancellation of medical admission in kannur medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.