കണ്ണൂർ: സി.പി.എം ജാഥയിൽ പങ്കെടുക്കാതെ, വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ എം.പി മുരളി ക്ഷണിച്ചിട്ടാണ് വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിൽ പോയതെന്നും അവിടെയെത്തിയപ്പോഴാണ് ദല്ലാൾ നന്ദകുമാറിന്റ അമ്മയെ ആദരിക്കുന്ന ചെറിയ ചടങ്ങ് നടക്കുന്ന വിവരം അറിഞ്ഞതെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ജയരാജൻ പങ്കെടുക്കാതിരുന്നത്. എന്നാൽ, തിങ്കളാഴ്ച കാസർകോട് നിന്ന് തുടങ്ങഇയ ജാഥ പിറ്റേ ദിവസം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചപ്പോഴാണ് ജയരാജൻ ട്രെയിനിൽ കൊച്ചിയിലെത്തി ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. അതേസമയം ഇന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ജാഥയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാൻ ഇ.പി വിസമ്മതിച്ചു. അതേക്കുറിച്ച് പിന്നീട് പറയാമെന്നും അരമണിക്കൂർ മാത്രമായിരിക്കും ഈ വിവാദത്തിന് ആയുസ്സെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തെ കുറിച്ച് ഇ.പി. ജയരാജന്റെ പ്രതികരണം: ‘കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദേശാഭിമാനി ജീവനക്കാരനെ സന്ദർശിക്കാനാണ് 21ന് ഞാൻ കൊച്ചിയിൽ പോയത്. എനിക്ക് പണ്ടേ പരിചയമുള്ള രോഗിയെ സന്ദർശിച്ച് തിരിച്ചുവരുന്നതിനിടെ, കോൺഗ്രസിൽനിന്ന് സി.പി.എമ്മിലെത്തിയ എം.പി. മുരളി എന്നെ ഫോൺ വിളിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഒന്ന് വന്നാൽ നല്ലതാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ ക്ഷണം സ്വീകരിച്ച് ആശുപത്രിയിൽനിന്ന് നേരെ ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിനകത്ത് പോലും ഞാൻ കയറിയിട്ടില്ല. ക്ഷേത്രത്തിന്റെ സൈഡിൽ ഇരുന്നു. അവിടെ അധികം ആളുകളൊന്നുമുണ്ടായിരുന്നില്ല. കെ.വി. തോമസ് മാഷ് അടക്കം 10- 11 പേരാണ് ഉണ്ടായിരുന്നത്. ‘ക്ഷേത്രത്തിൽ ഒരു പ്രായമുള്ള അമ്മയെ ആദരിക്കുന്നുണ്ട്. നിങ്ങൾ ഒരു ഷാൾ അണിയിക്കണം’ എന്ന് മുരളി പറഞ്ഞു. അതുപ്രകാരം ഞാൻ ഷാൾ അണിയിച്ചു. അവിടെ നന്ദകുമാറുമുണ്ടായിരുന്നു. ഷാൾ അണിയിച്ച് ഞാൻ പോകാൻ നോക്കുമ്പോൾ ഭക്ഷണം കഴിച്ച് പോകാം എന്നു മുരളി പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചു. ഒരുമാസം മുമ്പ് നന്ദകുമാറിന്റെ അമ്മയെ ആദരിച്ചിരുന്നുവെന്ന് മുരളി നേരത്തെ എന്നോട് പറഞ്ഞിരുന്നു. ഇത്രമാത്രമാണ് സംഭവിച്ചത്.
ഞാൻ പലസ്ഥലത്തും പോകാറുണ്ട്. ഇന്ന് ഒരുക്ഷേത്രത്തിന്റെ ഊട്ടുപുര ഉദ്ഘാടനമുണ്ട്. ഞാനാണ് ഉദ്ഘാടനം ചെയ്യുന്നത്. അത്തരത്തിലാണ് എന്നെ മുരളി വിളിച്ചത്. ഞാൻ പോയി. ഇതിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത കൊടുക്കരുത്. എന്നെ നന്ദകുമാർ ക്ഷണിച്ചിട്ടില്ല. ഞാൻ പോകുമ്പോൾ ആ അമ്മ അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിനുള്ളിൽ ഭജന ഇരിക്കുകയോ മറ്റോ ആയിരുന്നു. ഞാൻ എത്തിയ ശേഷമാണ് അവരെ വിളിച്ച് കൊണ്ടുവന്ന് ഷാൾ അണിയിച്ചത്’ -ജയരാജൻ വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയിൽ അനാരോഗ്യം കാരണം പങ്കെടുക്കാതിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പിറ്റേന്ന് കൊച്ചിയിൽ എത്തി വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസും ചടങ്ങിനെത്തിയിരുന്നു. ലാവ്‌ലിൻ കേസിലും വിഴിഞ്ഞം തുറമുഖം ഇടപാടുകളിലുമടക്കമുള്ള സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പല വിവാദങ്ങളിലും ഉയർന്നുകേട്ട പേരാണ് ദല്ലാൾ നന്ദകുമാറിന്റേത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കാസർകോട് കുമ്പളയിലായിരുന്നു ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ഇ.പി ജയരാജനെ ക്ഷണിച്ചിരുന്നു. എന്നാൽ, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന മറുപടിയായിരുന്നു ഇ.പി നൽകിയത്. ഇതിനുപിന്നാലെയാണ് കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തത്.
കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിലും ഇ.പി പങ്കെടുത്തില്ല. ജാഥ ഇതുവഴി കടന്നു പോകുമ്പോൾ അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അദ്ദേഹം കണ്ണൂരിൽ ഉണ്ട്. സംഭവം വിവാദമായതോടെ ജാഥയിൽ പങ്കെടുക്കണമെന്ന് ഇ പി ക്ക് പാർട്ടി കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലെ സന്ദർശന വിവരം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.