കണ്ണൂർ: മാധ്യമങ്ങൾക്കും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും എതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ശോഭ സുരേന്ദ്രൻ തലക്കു വെളിവില്ലാത്തവളാണ്. അങ്ങനെയുള്ള ആൾ വിളിച്ചു പറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്നും ജയരാജൻ ചോദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ. ശോഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. ആരോപണങ്ങളിൽ മാധ്യമങ്ങളെയാണ് ഇ.പി. പഴി ചാരിയത്.
''നിങ്ങൾ ചെയ്തതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്ക്. രണ്ടുമുന്നു ദിവസമായി എന്താ നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? പത്ര ധർമ്മമാണോ ഇത് ? ന്യായമായ ഒരു പത്ര മാധ്യമത്തിന്റെ പ്രവൃത്തിയാണോ നിങ്ങളൊക്കെ ചെയ്തത്? അതുകൊണ്ട് ഇതെല്ലാം നിങ്ങൾ ആലോചിക്കുക. ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ? ഞാൻ ഇന്നുവരെ സംസാരിക്കാത്ത, നേരിൽ കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എനിക്കെതിരെ പറയുന്നത്. ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്? ശോഭാ സുരേന്ദ്രൻ ആരാ? 1001 വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ശോഭ. അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം. മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും തകർക്കാൻ ശ്രമിച്ചു. എന്നെ കൊത്തിവലിച്ചു കീറാൻ നോക്കി. ദല്ലാൾ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വാർത്ത പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ?''-ഇ.പി. ജയരാജൻ ചോദിച്ചു.
മാധ്യമങ്ങൾ കൊത്തി വലിച്ചാൽ തീരുന്നവൻ അല്ല ഞാനെന്നും പാർട്ടിക്ക് കാര്യങ്ങൾ മനസിലായെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.