ജാഥയിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിനൊപ്പം; വിവാദം

കൊച്ചി: സി.പി.എം ജാഥയിൽ പങ്കെടുക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കൊച്ചിയിലെത്തിയ സംഭവത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾ. ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ജയരാജൻ എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽവെച്ച് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ചതിന്‍റെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചതോടെ വിഷയം കൂടുതൽ ചർച്ചയായിരിക്കുകയാണ്.

ജാഥയിൽ പങ്കെടുക്കാതെ നന്ദകുമാറിനൊപ്പം ചടങ്ങിൽ പങ്കെടുത്തതാണ് വിവാദമായത്. രോഗബാധിതനായ പാർട്ടി പ്രവർത്തകനെ കാണാൻ എറണാകുളത്തെത്തിയ ജയരാജൻ വെണ്ണല ക്ഷേത്രത്തിൽവെച്ചാണ് ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തത്. ഡൽഹിയിലെ കേരള സർക്കാറിന്‍റെ പ്രതിനിധി കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു. 20ന് കാസർകോട്ടുനിന്ന് ആരംഭിച്ച ജാഥയിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു.

ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ സന്ദർശിച്ച് മടങ്ങാനൊരുങ്ങവെ കൊച്ചി കോർപറേഷനിലെ മുൻ കോൺഗ്രസ് കൗൺസിലറും ഇപ്പോൾ സി.പി.എം പ്രവർത്തകനുമായ എം.വി. മുരളീധരൻ വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.പി ക്ഷേത്രത്തിലെത്തിയത്. തുടർന്ന്, ഇവിടെവെച്ച് ഭക്ഷണം കഴിക്കുകയും 80 വയസ്സായ വ്യക്തിത്വമെന്ന നിലയിൽ, നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുകയുമായിരുന്നു.

താൻ ക്ഷണിച്ചിട്ടാണ് ജയരാജൻ ക്ഷേത്രത്തിലെത്തിയതെന്ന് എം.വി. മുരളീധരൻ പ്രതികരിച്ചു. നന്ദകുമാറിന്‍റെ അമ്മക്ക് ആദരം നൽകിയതും താൻ ആവശ്യപ്പെട്ടിട്ടാണ്. ആദരമേറ്റുവാങ്ങുന്നത് നന്ദകുമാറിന്‍റെ അമ്മയാണെന്ന കാര്യം ജയരാജൻ അറിഞ്ഞിരുന്നില്ല. പല ആളുകളെയും ക്ഷേത്രത്തിലേക്ക് ഇത്തരത്തിൽ ക്ഷണിക്കാറുണ്ട്. ജയരാജൻ എറണാകുളത്ത് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് ബന്ധപ്പെട്ടത്. പ്രായമായ അമ്മമാരോട് അവിടെയെത്തിയപ്പോൾ അദ്ദേഹം സംസാരിച്ചു. അവിടെവെച്ച് കണ്ട 80 വയസ്സായ ഈ അമ്മയെ ആദരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

എന്നാൽ, താൻ ക്ഷണിച്ചിട്ടല്ല ജയരാജൻ വന്നതെന്ന് നന്ദകുമാർ പ്രതികരിച്ചു. തനിക്ക് എല്ലാ നേതാക്കളുമായും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നന്ദകുമാർ വിളിച്ചിട്ടല്ല താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് കെ.വി. തോമസും പ്രതികരിച്ചു. ഉന്നത കോർപറേറ്റ് വ്യവഹാര രാഷ്ട്രീയ ഇടനിലക്കാരനായി ആരോപിക്കപ്പെടുന്നയാളാണ് നന്ദകുമാർ.

Tags:    
News Summary - EP Jayarajan as Dallal Nandakumar's guest; Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.