കണ്ണൂർ: തനിക്കെതിരെ ട്രോളുണ്ടാക്കുന്നവർ ഭ്രാന്തന്മാരാണെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. ഇൻഡിഗോയുടെ യാത്രാ നിരോധനം തെറ്റാണെന്നും തിരുത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടി കൊണ്ട് വിമാനക്കമ്പനിക്ക് ഗുണമാണുണ്ടായതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഇ.പി. ജയരാജന് യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. അടുത്ത മൂന്നാഴ്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രയിൽ നിന്നാണ് ജയരാജനെ വിലക്കിയത്. നടന്നു പോകേണ്ടി വന്നാലും താനിനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ജയരാജൻ പ്രതികരിച്ചിരുന്നു. പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ജയരാജൻ തിരുവനന്തപുരത്തു നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് പോവുകയും ചെയ്തു.
'എന്നെ മൂന്നാഴ്ചത്തേക്ക് വിലക്കിയത് നിയമവിരുദ്ധമായാണ്. ഞാൻ ആരാണെന്ന് പോലും അറിയാതെയാണ് ചിലർ വിധിച്ചത്. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണം. ഇൻഡിഗോ കമ്പനിയുടെ ഒരുവിമാനത്തിലും ഇനി യാത്ര ചെയ്യില്ല. ഇൻഡിഗോ പൂട്ടണോയെന്ന് ആളുകൾ തീരുമാനിക്കട്ടെ. ഇത് കേൾക്കുന്ന നിരവധി പേർ സ്വമേധയാ ഇൻഡിഗോ ബഹിഷ്കരിക്കും. ചിലപ്പോൾ കമ്പനി തന്നെ തകർന്നു പോകും. എന്റെ ഒരു പൈസയും ഈ കമ്പനിക്ക് കൊടുക്കാൻ താൽപര്യപ്പെടുന്നില്ല. വിമാനത്തിൽ ഭയങ്കര ചാർജാണ് ഈടാക്കുന്നത്. ട്രെയിനാണ് ആദായകരം' -ജയരാജൻ പറഞ്ഞു.
'വിമാനത്തിൽ പ്രതിഷേധിച്ചവർ ക്രിമിനലുകൾ ആണെന്നറിഞ്ഞിട്ടും കമ്പനി യാത്രാനുമതി നൽകിയത് തെറ്റാണ്. അന്ന് അവർ മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കിൽ വിമാന കമ്പനിക്ക് എത്ര ദോഷം സംഭവിക്കുമായിരുന്നു. താൻ വഴിയിൽ തടസ്സപ്പെടുത്തിയതിനാലാണ് അവർക്ക് മുഖ്യമന്ത്രിക്ക് അടുത്തെത്താൻ കഴിയാതിരുന്നത്. കമ്പനിക്ക് ചീത്തപ്പേരിന് ഇടയാക്കാതെ സഹായിച്ചതിന് തനിക്ക് അവാർഡ് നൽകണം'.
'ഇൻഡിഗോ കമ്പനിയുടേത് തെറ്റായ തീരുമാനമാണ്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനല്ല, 18 ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ പറഞ്ഞത് കേട്ട് വിധിക്കാനാണ് അവർ തയാറായത്. താനും ഭാര്യയുമാണ് എറ്റവും കൂടുതൽ ഈ കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളത്' - അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.