തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഡി.സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഡി.സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇ.പിയുടെ ആരോപണം. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്ന് ജയരാജൻ വക്കീൽ നോട്ടീസിൽ പറയുന്നു.
അഡ്വ കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ, സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പു ദിവസം പുസ്തകം പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതി നൽകിയ ശേഷം ഇ.പി പ്രതികരിച്ചു.
‘വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ആത്മകഥ എഴുതാൻ ഏൽപ്പിച്ചിരുന്നു. പുസ്തക പ്രകാശനത്തിന്‍റെ കാര്യം ചാനൽ വാർത്തയിലൂടെയാണ് അറിയുന്നത്. പുസ്തകത്തിന് ഇങ്ങനെയൊരു പേര് നിർദേശിച്ചത് ആരാണ്? ഡി.സി ബുക്സിന്‍റെ നിലപാട് ശരിയല്ല. ഞാൻ എഴുതിയെന്ന് പറയുന്ന പുസ്തകം ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുസ്തകം എഴുതാനോ പ്രസിദ്ധീകരിക്കാനോ ഡി.സി ബുക്സിനെ ഏർപ്പാടാക്കിയിട്ടില്ല. ഗുരുതരമായ തെറ്റാണ് അവരുടേത്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്? ഡി.സി ബുക്സ് ക്രിമിനൽ കുറ്റമാണ് ചെയ്തതത്’ -ഇ.പി വ്യക്തമാക്കി.
‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി.ഡി ബുക്‌സ് പറഞ്ഞു. അനുമതിയില്ലാതെ പുറത്തുവിട്ടെന്ന ഇ.പിയുടെ ആരോപണത്തിൽ ഡി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ.പി പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. പി. സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പി.ഡി.എഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനയാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.