'മുന്നണിമാറ്റം ലീഗിന്‍റെ അജണ്ടയിൽ ഇല്ല'; ഇടതു മുന്നണിയിലേക്കുള്ള ക്ഷണം തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇടതു മുന്നണിയിലേക്കുള്ള കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ക്ഷണം തള്ളി മുസ്ലിം ലീഗ്. മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിൽ ഇല്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇപ്പോള്‍ ശക്തമായ ഒരു മുന്നണിയിൽതന്നെയാണ് ലീഗുള്ളത്. അതു മാറേണ്ട കാര്യമില്ല.

ഞങ്ങളുടെ അജണ്ടയില്‍ അങ്ങനെയൊരു കാര്യമില്ല. നില്‍ക്കുന്നിടത്ത് ലീഗ് ഉറച്ചുനില്‍ക്കും. മുന്നണിമാറ്റ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അവരും ചര്‍ച്ച ചെയ്തതായി അറിയില്ല. ഇ.പി. ജയരാജന്‍ പൊതുവായിട്ടായിരിക്കും കാര്യങ്ങള്‍ പറഞ്ഞത്. കേരളത്തെ കേരളമായി നിലനിര്‍ത്തുന്നതിനാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപ്പോര്‍ പ്രാധാന്യം നല്‍കേണ്ടത്. അതിനുപകരം മറ്റുള്ളവരെ മുന്നണി മാറ്റുന്നതിന് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് നിലവിലൊരു സാഹചര്യമുണ്ട്. അതു മനസ്സില്‍ ഉള്‍ക്കൊണ്ട് വേണം തീരുമാനം എടുക്കേണ്ടത്. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. വർഗീയ വിഭജനമുണ്ടാക്കി നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതേപോലെ ന്യൂനപക്ഷ വിഭാഗങ്ങളിലും ചിലര്‍ രംഗത്തുവരുന്നുണ്ട്. ഇതു രണ്ടും എതിര്‍ക്കപ്പെടണം. ആര്‍.എസ്.എസിന് പകരം അതേ ശൈലിയില്‍ മറ്റൊരു പാര്‍ട്ടിയെന്നത് ലീഗ് ആഗ്രഹിക്കുന്നില്ല. മതേതരത്വം നിലനിര്‍ത്താനാണ് ഈ നോമ്പുകാലത്തും ലീഗ് ശ്രമിക്കുന്നത്. മതേതര കേരളത്തില്‍ ലീഗിന് ഒരു സ്ഥാനമുണ്ട്.

എസ്.ഡി.പി.ഐയെ ഒരിക്കലും ലീഗ് പിന്തുണക്കില്ല. അവര്‍ ലീഗിന്റെ ആജന്മ ശത്രുക്കളാണ്. കേരളം അവര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ വെട്ടുംകുത്തും മാത്രമാകും. കേരളം കേരളമായി നിലനില്‍ക്കണം. അതിനായി ഈ വെട്ടുകുത്ത് രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ഒറ്റപ്പെടുത്തണം. അതില്‍ സര്‍ക്കാര്‍ കാഴ്ചക്കാരാകരുത്. അതിനാണ് ഇപ്പോള്‍ ഇടതുമുന്നണി കണ്‍വീനര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Tags:    
News Summary - EP Jayarajan's invitation to the Left Front; Muslim League reject

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.