കൊച്ചി: കാണിക്ക എണ്ണാൻ നിയോഗിക്കപ്പെട്ടവരിൽ ഏറെ പേർ പകർച്ചവ്യാധി ബാധിതരായതിനാൽ ശബരിമലയിലെ കാണിക്ക എണ്ണൽ നടപടികൾ ഫെബ്രുവരി അഞ്ചുവരെ നിർത്തിയതായി ദേവസ്വം ബോർഡ് ഹൈകോടതിയിൽ അറിയിച്ചു. 770 പേരിൽ ഇരുനൂറോളം പേർക്ക് പനിയും ചിക്കൻ പോക്സും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ട്.
കറൻസി നോട്ടുകൾ എണ്ണി പൂർത്തിയാക്കിയെന്നും നാണയങ്ങളാണ് എണ്ണാൻ ബാക്കിയുള്ളതെന്നും ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് അറിയിച്ചു. അതേസമയം, അരവണ നിർമാണത്തിന് വാങ്ങിയ ഏലക്കയിൽ അനുവദനീയമായതിലധികം അളവിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് കോടതി സ്വമേധയാ എടുത്ത ഹരജി ദേവസ്വം ബെഞ്ച് ഫെബ്രുവരി 14ലേക്ക് മാറ്റി. ദേവസ്വം ബോർഡ്, ഭക്ഷ്യസുരക്ഷ കമീഷണർ, ഭക്ഷ്യസുരക്ഷ അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവർ മൂന്നാഴ്ചക്കകം സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
മകരവിളക്ക് ദിവസം ദർശനത്തിനെത്തിയവരെ തള്ളിനീക്കുകയും മോശമായി പെരുമാറുകയും ചെയ്ത ദേവസ്വം വാച്ചർ എസ്. അരുൺ കുമാറിനെ സസ്പെൻഡ് ചെയ്തതായി ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജിയിലാണ് വിശദീകരണം. സംഭവത്തിൽ സത്യവാങ്മൂലം ഉടൻ നൽകാമെന്ന് ബോർഡും അരുൺകുമാറിന്റെ അഭിഭാഷകനും അറിയിച്ചതിനെ തുടർന്ന് ഹരജി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.