കൊച്ചി: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം. 2025ലെ കേരളപ്പിറവി ദിനത്തിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യം.
ഇതിന്റെ ഭാഗമായി പദ്ധതി നിർവഹണത്തിനുളള പ്രത്യേക സാമ്പത്തിക സഹായമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 50 കോടി രൂപക്ക് സർക്കാർ ഭരണാനുമതി നൽകി. ഉയർന്ന ചികിത്സച്ചെലവ് ആവശ്യമായി വരുന്ന അതിദരിദ്ര രോഗികൾക്കായി 10 കോടി രൂപ മാറ്റിെവക്കും. അതിദാരിദ്ര്യ നിർമാർജനത്തിൽ ഗണ്യമായ പുരോഗതി നേടിയതും തനത് വരുമാനം കുറഞ്ഞതും അമ്പതിൽ താഴെ അതിദരിദ്രരുള്ളതുമായ തദ്ദേശ സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. 50ന് മുകളിൽ അതിദരിദ്രരുള്ള ഇത്തരം പഞ്ചായത്തുകൾക്ക് 20 ലക്ഷം രൂപ വീതവും സർക്കാർ നൽകും. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ് പദ്ധതിയുടെ നിർവഹണച്ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് സംസ്ഥാന സർക്കാർ സർവേയിൽ കണ്ടെത്തിയത്.
12,763 പട്ടികജാതി കുടുംബങ്ങളും 3021 പട്ടിക വർഗ കുടുംബങ്ങളും 2737 തീരദേശ കുടുംബങ്ങളും ഈ പട്ടികയിൽപെടുന്നുണ്ട്. അർബുദം അടക്കമുള്ള രോഗങ്ങൾ ബാധിച്ച് കിടപ്പിലായ അംഗങ്ങളുള്ള 1622 കുടുംബങ്ങളെയും സർവേയിൽ കണ്ടെത്തിയിരുന്നു. 8553 കുടുംബങ്ങളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അതിദരിദ്രർ.
1071 കുടുംബങ്ങളുള്ള കോട്ടയമാണ് പിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.