തൃശൂർ: സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന നടപടിയുടെ ഭാഗമായി സർക്കാർ ഗുണഭോക്താക്കളുടെ മാനദണ്ഡം നിശ്ചയിച്ചു. വാർഡുതല സമിതികൾ വഴി പ്രാഥമിക പട്ടിക തയാറാക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീ- സാമൂഹിക സംഘടനകളുടെ ഫോക്കസ് ഗ്രൂപ് ചർച്ചകൾക്കായാണ് ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ഇതനുസരിച്ച് എച്ച്.ഐ.വി ബാധിതരുള്ള ദരിദ്ര കുടുംബം, രക്ഷിതാക്കൾ നഷ്ടപ്പെട്ട അനാഥ കുട്ടികളെ സംരക്ഷിക്കുന്ന കുടുംബം, ഭിന്നലിംഗക്കാരുള്ള ദരിദ്ര കുടുംബം എന്നിവരെ അതിദരിദ്രരായി കണക്കാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കടലാക്രമണ ഭീഷണി സ്ഥിരമായി നേരിടുന്ന തീരവാസികളും പട്ടികയിൽ ഉൾപ്പെടും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷെൻറ (കില) നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ വാർഡുകളിൽ 300 വീടുകൾക്ക് ഒരു ക്ലസ്റ്റർ തല ചർച്ച വീതം നടത്താനാണ് പദ്ധതി. തുടർന്ന് തയാറാക്കുന്ന പട്ടികയിൽ മൊബൈൽ ആപ് വഴി വിവരശേഖരണം നടത്താൻ എന്യൂമറേഷൻ ടീമും സജ്ജമാണ്. വിവരശേഖരണത്തിലെ കൃത്യത ഉറപ്പാക്കാൻ 20 ശതമാനം വീടുകളിൽ സൂപ്പർ ചെക്കിങ് നടത്തും. തുടർന്ന് അന്തിമ പട്ടിക തയാറാക്കുകയും തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം വാങ്ങുകയും ചെയ്യും. ആദ്യഘട്ടം അവസാനിച്ച ശേഷമാണ് വാർഡുകൾ കേന്ദ്രീകരിച്ച് സൂക്ഷ്മതല അതിജീവന പദ്ധതി തയാറാക്കി തുടർപ്രവർത്തനങ്ങൾ നടത്തുക.
പട്ടികയിൽ ഉൾപ്പെടുന്നവർ
1. ഭക്ഷണം- അതിവാർധക്യംമൂലമോ ശാരീരിക മാനസിക വെല്ലുവിളികൾ കാരണമോ ഭക്ഷണം പാകം ചെയ്ത് കഴിക്കാനാകാത്തവർ. തെരുവിലോ പൊതു ഇടത്തിലോ കഴിയുന്നവർ, അംഗൻവാടി രേഖകളിൽ തീവ്ര പോഷണ ദാരിദ്ര്യം അനുഭവിക്കുന്നവർ.
2. ആരോഗ്യം- ഗുരുതരരോഗം ബാധിച്ച് കിടപ്പിലായതിനാൽ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ, 80 ശതമാനം ശാരീരിക വെല്ലുവിളികളോ ബൗദ്ധിക- മാനസിക വെല്ലുവിളികളോ നേരിടുന്നവരെ പരിപാലിക്കേണ്ടിവരുന്നതിനാൽ വരുമാനം നഷ്ടപ്പെട്ട കുടുംബം, രോഗമോ കടബാധ്യതയോ വന്ന് ആസ്തികളും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബം.
3. വരുമാനം- തൊഴിൽശേഷി ഇല്ലാത്തതും ആസ്തികളിൽനിന്നോ നിക്ഷേപങ്ങളിൽനിന്നോ വരുമാനമില്ലാത്തതുമായ കുടുംബം, ശാരീരിക അവശതകൾ ഉണ്ടായിട്ടും 60 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം തൊഴിൽ എടുക്കുന്ന കുടുംബം, 70 വയസ്സിന് മുകളിലുള്ളവർ മാത്രമുള്ള, വരുമാനമില്ലാത്ത ദരിദ്ര കുടുംബം, മുഖ്യവരുമാനദായകൻ മരിച്ച/ ഉപേക്ഷിച്ചുപോയ കുടുംബം, ദുരന്തങ്ങളിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മറ്റു വരുമാന സാധ്യത ഇല്ലാത്ത കുടുംബം.
4. വാസസ്ഥലം- വാസസ്ഥലം ഇല്ലാതെ അലയുന്നവർ, അപകടകരവും ദുസ്സഹവുമായ സ്ഥലങ്ങളിൽ ദയനീയ സാഹചര്യങ്ങളിൽ താമസിക്കുന്നവർ, കടബാധ്യത, പ്രകൃതി ദുരന്തം എന്നിവമൂലം വാസസ്ഥലം നഷ്ടമായ ദരിദ്ര കുടുംബങ്ങൾ.
പ്രത്യേക മാനദണ്ഡം
പട്ടികജാതി- വർഗ, തീരദേശവാസികൾ, പട്ടികജാതി ഭിന്നലിംഗക്കാർ, നഗരദരിദ്രർ എന്നിവർ ഈ വിഭാഗത്തിൽപ്പെടും. പൊതുസൗകര്യങ്ങളിൽനിന്ന് മൂന്ന് കിലോമീറ്ററെങ്കിലും മാറി വനത്തിൽ താമസിക്കുന്നവർ, 25 സെൻറിൽ താഴെ ഭൂമി കൈവശമുള്ള പട്ടിക വർഗക്കാർ, പ്രാഥമിക വിദ്യാഭ്യാസത്തിന് മുകളിൽ വിദ്യാഭ്യാസം നേടിയവരാരും ഇല്ലാത്ത കുടുംബങ്ങൾ, വനവിഭവങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.