ട്രെയിൻ വൈകിയത് മൂലം യാത്ര മുടങ്ങി, റെയിൽവേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: ചെന്നൈ - ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ ചെന്നൈയിൽ കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ചെന്നൈ-ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ട്രെയിൻ കയറുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ പരാതിക്കാരന് ചെന്നൈയിൽ നടന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ ഒട്ടനവധി യാത്രക്കാരെയും, നീറ്റ് പരീക്ഷ എഴുതാൻ തയ്യാറായിവന്ന വിദ്യാർത്ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പ് ഇല്ലാത്ത വൈകല്‍ ദുരിതത്തിൽ ആക്കി.

റെയിൽവേയുടെ നിരുത്തരവാദിത്തപരമായ ഈ പ്രവർത്തികാരണം സാമ്പത്തിക മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയിൽവേ പ്രതിരോധിക്കാൻ ശ്രമിച്ചത്.

റെയിൽവേയുടെ വാദങ്ങളെ പൂർണമായും തള്ളിയ കമീഷൻ, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായി കണ്ടെത്തി.

യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയിൽവേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും കമീഷൻ വിലയിരുത്തി.യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയിൽവേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമീഷൻ ഓർമിപ്പിച്ചു.

തുടർന്ന് സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ റെയിൽവേ, അൻപതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകി.

Tags:    
News Summary - Ernakulam District Consumer Disputes Redressal Commission asks Railways to pay Rs 60,000 compensation for train delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.