മലപ്പുറം: ദേശീയ ബാലാവകാശ കമീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം ചരിത്രപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്തിന്‍റെ മഹിതമായ മതേതര പാരമ്പര്യത്തിനെതിരായിരുന്നു കമീഷൻ പുറപ്പെടുവിച്ച ഉത്തരവെന്നും ഇ.ടി പറഞ്ഞു.
മദ്രസകളിൽ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ പിരിച്ച് വിടണമെന്നും നിർദേശിച്ച കമീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്. അതിനിടെ, കമീഷൻ ഉത്തരവിന്റെ ബലത്തിൽ ഉത്തർപ്രദേശ്, ത്രിപുര സർക്കാറുകൾ മദ്രസകൾക്കെതിരെ തിരക്കിട്ട നടപടികൾക്കും മുതിർന്നിരുന്നു.
ഇതിനെതിരെയും കോടതി ശക്തമായ വിധിയാണ് പുറപ്പെടുവിച്ചത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ നിയമവഴികൾ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് വഴിയൊരുക്കാനേ ദേശീയ ബാലാവകാശ കമീഷന്‍റെ ഇത്തരം നിർദേശങ്ങൾ വഴിവെക്കൂവെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഒരു വിഭാഗത്തെ മാത്രം ആസൂത്രിതമായി ആക്രമിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് രാജ്യത്തെ ഔദ്യോഗിക കമീഷനുകളും സ്ഥാപനങ്ങളും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എന്ന മതേതര രാജ്യത്തിന്‍റെ ബഹുസ്വരത കാത്തുസൂക്ഷിക്കുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്നും ഇ.ടിഅഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.