സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം; ഇ.ടി പാർലമെന്‍റിൽ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഉത്തർ പ്രദേശ്​ പൊലീസ്​ യു.എ.പി.എ ചുമത്തി ജയിലിലടച്ച സിദ്ദിഖ്​ കാപ്പനെ മോചിപ്പിക്കണമെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.പെട്ടെന്നുള്ള യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനാൽ ഒട്ടേറെ ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ ദുബൈയിൽ കുടുങ്ങി കിടക്കുകയാണ്. അവരുടെ രക്ഷക്ക് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇ.ടി ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാ​ഥറസിൽ ബലാത്സംഗത്തിനിരയായി ദലിത്​ പെൺകുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡൽഹിയിൽ നിന്നും പോയ സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകനെ കൃത്രിമ കുറ്റം ചുമത്തി അന്യായമായി ജയിലിലടച്ചിരിക്കുകയാണ്​. അദ്ദേഹത്തിന് നീതി ലഭിക്കാനായി ഗവണ്‍മെന്‍റ്​ വേഗം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭയിൽ യു.പി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച്​ ചില അംഗങ്ങൾ സംസാരിക്കുകയുണ്ടായി. എന്നാല്‍ അവര്‍ അവിടെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് നേരെ മൗനം പാലിക്കുകയാണ്​. ഇത്​ കുറ്റകരവും അപലപനീയവുമായ നടപടിയാണെന്നും ഇ.ടി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.