'ഫാഷിസ്റ്റുകള്‍ക്കെതിരെ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയം'

കോഴിക്കോട്​: കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയന്തി ഘോഷ്, അപൂര്‍വ്വാനന്ദ്, രാഹുല്‍ റോയി എന്നിവരെ ഗൂഢാലോചനാ കുറ്റം ചുമത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്​ മുസ്​ലിംലീഗ്​ നേതാവ്​ ഇ.ടി. മുഹമ്മദ്​ ബഷീർ.

ഡല്‍ഹി കലാപത്തിന് തുടക്കം കുറിച്ച് പ്രകോപനകരമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു നടപടിപോലുമില്ല. പ്രകോപനപരവും വിദ്വേഷപരവുമായ പ്രസംഗങ്ങള്‍ നടത്തിയവരെ മഹത്വ വൽക്കരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേ കാര്യങ്ങളെ സാധൂകരിക്കുന്നതാണ് ഈയിടെയായി പുറത്തുവന്ന ആംനെസ്റ്റി ഇൻറര്‍നാഷണലി​െൻറ റിപ്പോര്‍ട്ടും. ഇത്തരം സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയമാണിതെന്നും ഇ.ടി അഭിപ്രായപ്പെട്ടു.

ഇ.ടി.മുഹമ്മദ്​ ബഷീർ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പി​െൻറ പൂർണരൂപം:

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികശാസ്ത്ര വിദഗ്ധ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയി എന്നിവരെ ഗൂഢാലോചനാ കുറ്റം ചുമത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഡല്‍ഹി കലാപത്തിന് തുടക്കം കുറിച്ച് പ്രകോപനകരമായ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു നടപടി പോലുമില്ല. പ്രകോപനപരവും വിദ്വേഷപരവുമായ പ്രസംഗങ്ങള്‍ നടത്തിയവരെ മഹത് വത്കരിക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ അസ്വാരസ്യങ്ങളെ പറ്റിയും അവിടത്തെ കൊലപാതകങ്ങളെ കുറിച്ചും കവര്‍ച്ചയെ സംബന്ധിച്ചും സഭയില്‍ നടന്നിട്ടുള്ള ചര്‍ച്ചയില്‍ ശക്തമായി ഞങ്ങള്‍ എതിര്‍ത്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് ആധികാരികമായി ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ അവിടെ പോയി നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഒരുവട്ടം നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞത് ഡല്‍ഹിയില്‍ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘട്ടനമല്ല, മറിച്ച് ഏകപക്ഷീയമായി നന്നായി പ്ലാന്‍ ചെയ്ത് നടത്തിയതാണ് അതെന്നാണ്. പല റിപ്പോര്‍ട്ടുകളും എടുത്തു പരിശോധിച്ചാലും അവിടത്തെ ദൃക്‌സാക്ഷികളുടെ വിശദീകരണം കേട്ടാലും പോലീസുകാര്‍ പക്ഷപാതപരമായി പെരുമാറിയതും, കലാപകാരികളെ സഹായിച്ചതും കല്ലേറില്‍ പോലും നേരിട്ട് പങ്കെടുത്തുവെന്നും മനസ്സിലാക്കാന്‍ സാധിക്കും.

ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളെയും തകര്‍ത്തു രാജ്യത്തെ ഏകാധിപത്യ പ്രവണതയിലേക്ക് കൊണ്ടുപോകുന്ന പദ്ധതികള്‍ വളരെ ആസൂത്രിതമായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സി.എ.എ, എന്‍.ആര്‍.സി , എന്‍.പി.ആര്‍ വിഷയവുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സമരമുറകളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളെ തിരഞ്ഞു പിടിച്ചു വേട്ടയാടുകയാണ്. അവര്‍ക്കെതിരെ കേസുകളെടുക്കുകയും ക്രൂരമായ പ്രതികാര നടപടികള്‍ എടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

മതവിദ്വേഷം ഊതിവീര്‍പ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഒരു നടപടിയുമില്ല . ഇതേ കാര്യങ്ങളെ സാധൂകരിക്കുന്നതാണ് ഈയിടെയായി പുറത്തുവന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടും. ഇത്തരം ഒരു സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ഫാസിസ്റ്റുകള്‍ക്കെതിരെ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.